ഭാര്യയ്ക്ക് കാന്‍സര്‍ ആയതിനാല്‍ ഉപേക്ഷിച്ച ഭര്‍ത്താവിനോട് വിവാഹസമ്മാനങ്ങള്‍ തിരികെ നല്‍കാന്‍ കോടതി.

1435

ഇരിങ്ങാലക്കുട: ക്യാന്‍സര്‍ രോഗിയായ ഭാര്യയ്ക്ക് 42 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 50,000 രൂപയും ഭര്‍ത്താവിനോട് തിരിച്ചുനല്‍കാന്‍ ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവിട്ടു. എടതിരിഞ്ഞി ഓലക്കോട്ട് അബ്ദുള്‍ ഖാദറിന്റെ മകള്‍ സാബിറ കുടുംബകോടതിയില്‍ നല്‍കിയ പരാതിയിലാണ് ഭര്‍ത്താവായ എസ്.എന്‍.പുരം വലിയകത്ത് ഉമ്മറിനോട് സ്വര്‍ണ്ണാഭരണങ്ങളും പണവും തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവിട്ടത്. ആറുമാസത്തിനകം ഇത് തിരിച്ചുനല്‍കിയില്ലെങ്കില്‍ ഉമ്മറിന്റെ പേരിലുള്ള വസ്തു ജപ്തി ചെയ്ത് ഈടാക്കുവാന്‍ കോടതി ഉത്തരവിട്ടു. 1985 നവംബര്‍ മൂന്നിനാണ് ഉമ്മര്‍ സാബിറയെ വിവാഹം കഴിച്ചത്. 2002ല്‍ സാബിറക്ക് കാന്‍സര്‍ ബാധിച്ചു. തുടര്‍ന്ന് ഭര്‍ത്താവ് ഇവരെ അവഗണിക്കുകയും ശാരീരികമായും മാനസീകമായും പീഡിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. 2013ല്‍ കാസര്‍ക്കോട്ടുള്ള ഒരു സ്ത്രീയുമായി വീട്ടിലേക്ക് വരികയും അവരോടൊപ്പം താമസിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തടസ്സം നിന്ന സാബിറയെ ഉപദ്രവിച്ച് വീട്ടില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് വിവാഹസമ്മാനമായി ലഭിച്ച 42 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും 50,000 രൂപയും എടുത്ത് പറ്റിയെന്നും ആയത് തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയത്.

Advertisement