കൂടല്‍മാണിക്യം ഉത്സവകഥകളിക്ക് ഇക്കുറി കലാനിലയമില്ല :ദേവസ്വം നേരിട്ട് കഥകളി ഏല്‍പ്പിച്ചു

754

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന് കഥകളി നടത്താന്‍ ഇക്കുറി ഉണ്ണായിവാരിയര്‍ കലാനിലയം ഇല്ല. ഉത്സവ ദിവസങ്ങളിലെ കഥകളിയുമായി ബന്ധപ്പെട്ട് കലാനിലയവും ദേവസ്വവും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കലാനിലയം ഒഴിവായത്. 65 വര്‍ഷത്തോളം തുടര്‍ച്ചയായി കൂടല്‍മാണിക്യം ഉത്സവത്തിന് കഥകളി നടത്തിയ പേര്‍ കലാനിലയത്തിന് ഇതോടെ നഷ്ടമായി. എന്നാല്‍ കലാനിലയത്തിലെ കലാകാരന്‍മാര്‍ ഉത്സവ കഥകളികളില്‍ പങ്കെടുക്കുന്നുണ്ട്. കഥകളി നടത്തിപ്പുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മിറ്റിയും ഉണ്ണായിവാരിയര്‍ കലാനിലയവുമായി നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ കഥകളിക്ക് നിലവാരം കുറവായിരുന്നെന്നും അതിനാല്‍ മികച്ച കലാകാരന്മാരെ ഉള്‍പ്പെടുത്തി വേണം ഇക്കുറി കഥകളി നടത്തണമെന്ന നിലപാടിലായിരുന്നു ദേവസ്വം. ഇതിനായി 150 ഓളം കലാകാരന്മാരുടെ ലീസ്റ്റും ഉത്സവത്തിന് കളിക്കേണ്ട കളികളുടെ ലീസ്റ്റും കലാനിലയത്തിന് നല്‍കിയിരുന്നു. എന്നാല്‍ ദേവസ്വം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ലെന്ന് കലാനിലയം സെക്രട്ടറി സതീഷ് വിമലന്‍ പറഞ്ഞു. ദേവസ്വം ആവശ്യപ്പെട്ടതനുസരിച്ച് കേരളത്തിലെ ഇന്നത്തെ ഏറ്റവും മികച്ച കലാകാരന്മാരുടെ ലീസ്റ്റാണ് ആശാന്മാര്‍ തയ്യാറാക്കി നല്‍കിയതെന്ന് സതീഷ് വിമലന്‍ പറഞ്ഞു. ദേവസ്വം നിര്‍ദ്ദേശിച്ച കളികള്‍ക്ക് പുറമെ സംഗമേശ മഹാത്മ്യവും കിരാതം കളിയുമാണ് കലാനിലയം കൂടുതലായി ചേര്‍ത്തിരുന്നത്. എന്നാല്‍ ഓരോ കളിക്കും ആരൊക്കെ കളിക്കണം, ആരൊക്കെ ഏതൊക്കെ വേഷം ചെയ്യണം, എന്തൊക്കെ ചെയ്യണമെന്ന ദേവസ്വം ലീസ്റ്റ് അംഗീകരിക്കാനാകില്ലായിരുന്നു. കലാനിലയത്തിലെ അധ്യാപകര്‍ക്കും വിരമിച്ച ആശാന്മാര്‍ക്കും പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കും അവസരം നല്‍കുക എന്നതാണ് തങ്ങളുടെ മാനദണ്ഡം. കലാനിലയത്തിനെ ഒഴിവാക്കാന്‍ ട്രൂപ്പിന് നിലവാരത്തകര്‍ച്ച ഉണ്ടെന്ന് ദേവസ്വം പറയുന്നത് കലാകാരന്മാരെ അപമാനിക്കുന്നതിന് തുല്യമെന്ന് സതീഷ് വിമലന്‍ പറഞ്ഞു. കലാനിലയം ട്രൂപ്പിലുള്ളവര്‍ മികച്ച കലാകാരന്മാരാണ്. ഉത്സവം കഥകളിയില്‍ നിന്നും കലാനിലയത്തിന്റെ പേര് മനഃപൂര്‍വം ഒഴിവാക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നുവെന്നും സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. സേവ് കലാനിലയവുമായി രംഗത്തിറങ്ങിയവര്‍ പ്രോഗ്രാം കമ്മിറ്റിയുടെ അമരത്തെത്തിയപ്പോഴാണ് കലാനിലയം ഒഴിവാക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മദ്ധ്യകേരളത്തിലെ പ്രഗത്ഭരായ കഥകളി കലാകാരന്മാരെ കഥകളികളില്‍ പങ്കെടുപ്പിക്കണമെന്നാണ് തങ്ങളാവശ്യപ്പെട്ടതെന്ന് ദേവസ്വം വ്യക്തമാക്കി. സാമ്പത്തികം ഒരു വിഷയമായിരുന്നില്ല. കലാനിലയത്തെ ഒഴിവാക്കാനും താല്‍പര്യമില്ല. എന്നാല്‍ തങ്ങളാവശ്യപ്പെടുന്ന കഥകള്‍ അരങ്ങിലെത്തിക്കണമെന്നുമുള്ള നിര്‍ദ്ദേശം അംഗീകരിക്കാന്‍ കലാനിലയം തയ്യാറായിരുന്നില്ല. ദേവസ്വം തയ്യാറാക്കി നല്‍കിയിരുന്ന കലാകാന്മാരുടെ ലീസ്റ്റിലെ പകുതിയിലേറെ കലാകാരന്മാര്‍ അവരുടെ ലിസ്റ്റില്‍ ഇല്ലായിരുന്നു. മാത്രമല്ല, അത് തീരെ ശുഷ്‌കമായിരുന്നു. മാത്രമല്ല, ലിസ്റ്റിലെ കലാകാരന്മാര്‍ ഏതൊക്കെ കളികളില്‍ ഏതൊക്കെ വേഷങ്ങളാണ് ചെയ്യുകയെന്നൊന്നും അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഉത്സവത്തില്‍ അരങ്ങേറുന്ന കഥകളികളില്‍ കലാനിലയത്തിലെ സ്റ്റാഫംഗങ്ങള്‍ക്കെല്ലാം പട്ടാഭിഷേകം അടക്കം മൂന്ന് കളികള്‍ നല്‍കിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ കൂടല്‍മാണിക്യം ഉത്സവകഥകളികള്‍ക്കുണ്ടായിരുന്ന ജനസമിതി വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം വ്യക്തമാക്കി. കഥകളി വരെ സ്പോണ്‍സര്‍ ചെയ്യാന്‍ ആളുകള്‍ തയ്യാറായിരിക്കുന്നത് അതിന്റെ തെളിവാണെന്നും അവര്‍ പറഞ്ഞു.

Advertisement