ഇരിങ്ങാലക്കുട : നടനകൈരളിയുടെ അഞ്ചാമത് കാളിദാസ നാട്യോത്സവം മാര്‍ച്ച് 13, 14, 15 തിയ്യതികളില്‍ നടനകൈരളിയുടെ രംഗവേദിയില്‍ ആഘോഷിക്കുന്നു. കൂടിയാട്ടം ആചാര്യനായ വേണു ജി. ചിട്ടപ്പെടുത്തിയ അഭിജ്ഞാനശാകുന്തളം, വിക്രമോര്‍വ്വശീയം എന്നീ കാളിദാസ നാടകങ്ങളുടെ കൂടിയാട്ടം അവതരണവും രഘുവംശം കാവ്യത്തില്‍ നിന്നും സീതാപരിത്യാഗം നങ്ങ്യാര്‍കൂത്തും ഉള്‍കൊള്ളിച്ചാണ് കാളിദാസ നാട്യോത്സവമായി അവതരിപ്പിക്കുത്. മാര്‍ച്ച് 13-ാം തിയ്യതി 3.30 ന് നാടക ഗവേഷകനും സംവിധായകനുമായ അഭീഷ് ശശിധരന്‍ ‘കൂടിയാട്ടത്തിലെ നോക്കിക്കാണലുകളും ഇന്നത്തെ രംഗാവതരണ വേദിയും’ എ വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തും. കൂച്ചിപ്പൂഡി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ദ്ധന്‍ അദ്ധ്യക്ഷത വഹിക്കും. 5.30 ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ നാട്യോത്സവം ഉദ്ഘാടനം ചെയ്യും. പ്രോഫ. ജോര്‍ജ്ജ് എസ്. പോള്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് അഭിജ്ഞാനശാകുന്തളം കൂടിയാട്ടം ഓന്നം ഭാഗം അവതരിപ്പിക്കുന്നു. മാര്‍ച്ച് 14-ാം തിയ്യതി 3.30 ന് കൂടിയാട്ടം കേന്ദ്രയുടെ ഡയറക്ടര്‍ ഡോ. ഏറ്റുമാനൂര്‍ കണ്ണന്‍ ‘വാക്യത്തിന്റെ അഭിനേയത’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ആട്ടക്കഥാകൃത്ത് ടി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് 6.30 ന് വിക്രമോര്‍വ്വശീയം കൂടിയാട്ടം അവതരിപ്പിക്കുന്നു. മാര്‍ച്ച് 15 ന് 3.30 ന് കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. ജി. പൗലോസ് ‘യക്ഷഭാവനയുടെ ദൃശ്യസാധ്യതകള്‍’ എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും. ദിലീപ് വര്‍മ്മ (കൊടുങ്ങല്ലൂര്‍ കോവിലകം) അദ്ധ്യക്ഷത വഹിക്കും. 6.30 ന് സീതാപരിത്യാഗം നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കും. പൊതിയില്‍ രഞ്ജിത് ചാക്യാര്‍, അമ്മൂര്‍ രജനീഷ് ചാക്യാര്‍, സൂരജ് നമ്പ്യാര്‍, കപിലാ വേണു എന്നിവരാണ് നടീനടന്മാര്‍. കലാമണ്ഡലം രാജീവ്, കലാ. ഹരിഹരന്‍, കലാ. നാരായണന്‍ നമ്പ്യാര്‍, കലാ. രവികുമാര്‍ എന്നിവര്‍ മിഴാവിലും കലാനിലയം ഉണ്ണികൃഷ്ണന്‍ ഇടക്കയിലും ടി. ആര്‍. സരിത താളത്തിലും പശ്ചാത്തലമേളം നല്‍കും. കലാനിലയം ഹരിദാസ് ആണ് ചമയം നിര്‍വ്വഹിക്കുന്നത്.
നടനകൈരളിയുടെ അഞ്ചാമത് കാളിദാസ നാട്യോത്സവത്തിന് ചെവ്വാഴ്ച്ച അരങ്ങുണരും.
Advertisement