സമഗ്ര കുടിവെള്ള പദ്ധതി പ്രതിസന്ധിയില്‍ : പടിയൂര്‍ നിവാസികള്‍ക്ക് ഈ വേനലിലും കുടിവെള്ളമില്ല.

1344

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ കാട്ടൂര്‍, കാറളം, പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി പ്രതിസന്ധിയില്‍.നബാര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും സഹായത്തോടെ 40 കോടിയിലേറെ മുടക്കി നടപ്പാക്കുന്ന പദ്ധതിയാണ് അവസാനഘട്ടത്തില്‍ രണ്ട് വിഭാഗം അതോററ്റികള്‍ തമ്മിലുള്ള തര്‍ക്കം മൂലം അവതാളത്തിലായിരിക്കുന്നത്.99 ശതമാനം പെപ്പിടല്‍ പൂര്‍ത്തിയായ പദ്ധതിയില്‍ അവശേഷിക്കുന്നത് താണിശ്ശേരി ഭാഗത്ത് 482 മീറ്റര്‍ പെപ്പിടല്‍ മാത്രമാണ്.എന്നാല്‍ കീഴുത്താണി-കാട്ടൂര്‍ റോഡ് മെക്കാഡം ടാറിംങ്ങ് നടത്തിയതിനാല്‍ റോഡ് പൊളിച്ച് പെപ്പിടുന്നതിന് മന്ത്രിയുടെ ഓഫീസില്‍ നിന്നടക്കം സ്‌പെഷ്യല്‍ പെര്‍മിഷന്‍ ഉണ്ടായാലേ സാധിക്കു എന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്.വാട്ടര്‍ അതോററ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ഈ തര്‍ക്കം മൂലം പടിയൂരിലെ അടക്കം 6000 ത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം കിട്ടാകനിയായി ഇന്നും തുടരുന്നു.രൂക്ഷമായ കുടി വെള്ളക്ഷാമം അനുഭവപ്പെടുന്ന പടിയൂര്‍ പഞ്ചായത്തില്‍ അപേക്ഷകര്‍ക്ക് പുതിയ കുടിവെള്ള കണക്ഷന്‍ ലഭ്യമായിട്ട് 11 വര്‍ഷമാകുന്നു.2012 ആഗസ്റ്റ് മാസത്തിലാണ് സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്‍മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തത്.2014 മാര്‍ച്ചില്‍ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നാണ് ഉദ്യേശിച്ചിരുന്നത്. എന്നാല്‍ പദ്ധതിയുടെ ഭാഗമായി കാറളത്ത് സ്ഥാപിച്ചിട്ടുള്ള ജലശുദ്ധീകരണശാലയുടെയും കാട്ടൂര്‍ പഞ്ചായത്തിലെ വിതരണശൃംഖലയും മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയതായി പറയപ്പെടുന്നത്. കാട്ടൂരിലെ ടാങ്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തിയെങ്കിലും കുടിവെള്ള ക്ഷാമത്തിന് പരിഹാരമായിട്ടില്ലെന്ന് പരാതികളുണ്ട്.ഈ പദ്ധതി വഴി കരുവന്നൂര്‍ പുഴയില്‍ നിന്നും ദിനംപ്രതി 7.86 മില്യന്‍ ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്യാന്‍ ലക്ഷ്യമിടുന്നത്. ഇതിനായി 167 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പുകള്‍ സ്ഥാപിച്ചാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.5.7 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഓവര്‍ ഹെഡ് ടാങ്കാണ് കാട്ടൂരില്‍ പദ്ധതിക്കായി പണി തീര്‍ത്തിട്ടുള്ളത്. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്ന പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം ഏറെ രൂക്ഷമായ പടിയൂര്‍ പഞ്ചായത്തിലെ കല്ലന്തറയില്‍ 3.1 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്ക് പുതുതായി സ്ഥാപിക്കുമെന്നായിരുന്നു തുടക്കത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നതെങ്കിലും പിന്നീടത് നടപ്പിലാക്കിയപ്പോള്‍ 1.71 ലക്ഷമായി ചുരുക്കുകയായിരുന്നു.എട്ടുവര്‍ഷം മുന്‍പ് പടിയൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ മാരാംകുളത്തിന് സമീപം ജില്ലാ പഞ്ചായത്തില്‍നിന്നുള്ള 13 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കും, എടതിരിഞ്ഞി സെന്ററിലുള്ള 3.7 സംഭരണശേഷിയുള്ള പഴയ ടാങ്കും പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നതിനാല്‍ മറ്റു പഞ്ചായത്തുകളിലേതിന് സമാനമായ കുടിവെള്ളം പടിയൂരിനും ലഭിക്കുമെന്നായിരുന്നു വിശദീകരണം.പദ്ധതി എത്രയുംവേഗം പൂര്‍ത്തീകരിക്കണമെന്നും, കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്ത് പടിയൂര്‍ നിവാസികള്‍ക്ക് കുടിവെള്ളം കിട്ടുമെന്ന പ്രതിക്ഷയില്‍ ജനങ്ങള്‍ കാലങ്ങളായി കഴിയുന്നു.

Advertisement