ബൈപ്പാസ് റോഡ്; കാട്ടൂര്‍-സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാനടപടിയെടുക്കണം

543

ഇരിങ്ങാലക്കുട: ഗതാഗതത്തിനായി തുറന്ന് കൊടുത്തിട്ടുള്ള ബൈപ്പാസില്‍ കാട്ടൂര്‍- സിവില്‍ സ്റ്റേഷന്‍ റോഡ് ജംഗ്ഷനിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഹമ്പ് ഉള്‍പ്പടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. നാല് റോഡുകള്‍ കൂടിചേരുന്ന ഈ ഭാഗത്ത് അപകടങ്ങള്‍ സ്ഥിരം സംഭവമാണ്. അപകടങ്ങള്‍ ഒഴിവാക്കാന്‍ അനുയോജ്യമായ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് വികസന സമിതി ആവശ്യം. ഠാണ ബസ് സ്റ്റാന്റ് റോഡ് വികസനത്തിന്റെ ഭാഗമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ നഗരസഭ, പൊതുമരാമത്ത് വകുപ്പ്, കെ.എസ്.ഇ.ബി, വാട്ടര്‍ അതോററ്റി അധികൃതര്‍ ഒത്തൊരുമിച്ച് പരിഹരിക്കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു. അക്ഷയകേന്ദ്രങ്ങള്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഏകീകൃത നിരക്ക് പ്രസ്തുത കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് സമിതി നിര്‍ദ്ദേശിച്ചു. സാധാരണ ജനങ്ങളെ അക്ഷയകേന്ദ്രങ്ങള്‍ ചൂഷണം ചെയ്യുന്ന നടപടികള്‍ക്ക് തടയിടണമമെന്നും സേവനങ്ങള്‍ക്ക് സ്വീകരിക്കുന്ന തുകകള്‍ക്ക് രശീത് നല്‍കണമെന്നും സമിതി നിര്‍ദ്ദേശം നല്‍കി. ട്രിപ്പ് മുടക്കുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കര്‍ശന നടപടി സ്വീകരിക്കണം. അധികൃതര്‍ക്ക് പരാതി സമര്‍പ്പിക്കുമ്പോള്‍ വാഹനങ്ങളുടെ നമ്പര്‍ സഹിതം വിശദാംശങ്ങള്‍ നല്‍കണമെന്നും വികസന സമിതി നിര്‍ദ്ദേശിച്ചു. പടിയൂര്‍ ഭാഗത്ത് ജലവിതരണത്തിനുള്ള അടിയന്തിരനടപടികള്‍ വാട്ടര്‍ അതോററ്റി, പൊതുമരാമത്ത്, കെ.എസ്.ഇ.ബി. അധികൃതര്‍ സ്വീകരിക്കണമെന്ന് വികസന സമിതി ആവശ്യപ്പെട്ടു. പുതുവത്സര സമയത്ത് ക്രമസമാധാനപാലനത്തിനും മയക്കമരുന്നുവേട്ടയ്ക്കും പോലിസ്, എക്സൈസ് വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ സമിതി അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ് കുമാര്‍ അധ്യക്ഷനായിരുന്നു. നഗരസഭ ചെയര്‍പേഴ്സന്‍ നിമ്യാ ഷിജു, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement