കവിത ബാലകൃഷ്ണന്‍ ഹുസൈനിലെ ചിത്രകാരനെ വീണ്ടും വരയ്ക്കുമ്പോള്‍

721

ഡോ.കവിത ബാലകൃഷ്ണന്‍…, ഇരിങ്ങാലക്കുടയുടെ സമ്പന്നതയില്‍ നിറവു ചാര്‍ത്തിയ എഴുത്തുകാരി, ചിത്രകാരി, കലാചരിത്ര ഗവേഷക. ‘കേരളത്തിലെ ചിത്രകലയുടെ വര്‍ത്തമാനം’ എന്ന ഗ്രന്ഥത്തിന് കേരള ലളിതകലാസാഹിത്യ അക്കാദമി അവാര്‍ഡും, 1989-ല്‍ ചിത്രരചനയ്ക്ക് സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഡോ.കവിത ബാലകൃഷ്ണന്റെ ശ്രദ്ധേയമായ രചനയാണ് ‘ഇന്ത്യന്‍ ചിത്രകാരന്‍’. ആധുനിക ചിത്രകാരനായ എം.എഫ്. ഹുസൈനെ നമ്മുടെ മനസ്സില്‍ ആഴത്തില്‍ വേരോടിക്കുന്ന ഗ്രന്ഥം. ഹിന്ദു ദൈവങ്ങളുടെ നഗ്‌ന ചിത്രങ്ങള്‍ വരച്ചതിന്റെ പേരില്‍ വേട്ടയാടപ്പെട്ട് നാടുവിടേണ്ടി വന്ന കലാകാരനെയും അദ്ദേഹത്തിന്റെ ചിത്രങ്ങളെയും കലാവീക്ഷണത്തിന്റെ അന്തര്‍ധാരയിലൂടെ പുനര്‍ചിന്തനത്തിനു വിധേയമാക്കുകയാണ് എഴുത്തുകാരി.
സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റുമധികം ആഘോഷിക്കപ്പെട്ട എഴുത്തുകാരനാണ് എം.എഫ്. ഹുസൈന്‍. ഹുസൈന്റെ കാവ്യാത്മക ചുരുക്കെഴുത്തുകളിലൂടെയും കവനങ്ങളിലൂടെയും, ആ കലാജീവിതത്തിന് ഏറെക്കാലം സഹയാത്ര ചെയ്ത സ്നേഹിതയുടെ ആഖ്യാനങ്ങളിലൂടെയും, ഹുസൈനെക്കുറിച്ച് ഏറ്റവുമൊടുവില്‍ ഉണ്ടായ രണ്ടു മികച്ച അക്കാദമിക് ലേഖനങ്ങളിലൂടെയും പരിഭാഷകളിലൂടെയും, സിനിമ, അക്കാദമിക് ആക്ടിവിസം തുടങ്ങിയ പാര്‍ശ്വമേഖലകളില്‍ നിന്നും ഹുസൈന്‍ സംഭവത്തെ പ്രതിനടത്തപ്പെടുന്ന വിചാരങ്ങളിലൂടെയും, അദ്ദേഹത്തിന്റെ മരണാനന്തരം മലയാളിയായ ചിത്രകാരന്‍ ഹുസൈനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളില്‍ നിന്ന് തെരെഞ്ഞെടുത്ത ഒന്നിലൂടെയുമാണ് ഈ ഹുസൈന്‍ പുസ്തകം ഉണ്ടാകുന്നത്.
ഇന്ത്യന്‍ രാഷ്ട്രബോധത്തിന്റെ മുഖ്യധാരയിലേക്ക് ചിത്രകലയുടെ ഭാഷയെ സന്നിവേശിപ്പിച്ച ഹുസൈന്റെ കലാചരിത്രവും ദേശചരിത്രവും ഒന്നിച്ചു കാണുന്ന പഠനങ്ങളും കുറിപ്പുകളും ഈ പുസ്തകത്തില്‍ സമ്മേളിക്കുന്നു. ഹുസൈന്റെ ജീവിതത്തെ അടുത്തറിഞ്ഞ റഷ്ദ സിദ്ദിഖിയുടെ രസകരമായ അനുഭവ നിരീക്ഷണങ്ങള്‍, കലാചരിത്ര പണ്ഡിതന്മാരായ ഗീത കപൂര്‍, തപതീഗുഹ താക്കുര്‍ത്ത, ഡോ.സി.എസ്. വെങ്കിടേശ്വരന്‍, കെ.എം. മധുസൂദനന്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍, ശിവജി പണിക്കരുമായി കവിത ബാലകൃഷ്ണന്‍ നടത്തിയ അഭിമുഖം, ഒപ്പം ഹുസൈന്‍ വരച്ച അപൂര്‍വ്വ ചിത്രങ്ങളും ഈ പുസ്തകത്തെ സാക്ഷാത്ക്കാര നിറവിന്റെ പൂര്‍ണ്ണതയിലെത്തിക്കുന്നു.
കലയില്‍ ചരിത്രം നിര്‍മ്മിക്കുന്ന മനുഷ്യരുടെ അസാധാരണമായ പ്രസക്തികള്‍ കണ്ടെടുക്കാനും അവയെക്കുറിച്ച് അറിയാനും അറിയിക്കാനുമുള്ള എഴുത്തുകാരിയുടെ ആഗ്രഹം അറിവിന്റെ ലോകത്തിലേക്ക് എയ്തുവിട്ടത് സര്‍ഗ്ഗാത്മകതയുടെ ആധുനിക ആവിഷ്‌കാരങ്ങളുടെ നേര്‍ക്ക് ഇന്ത്യന്‍ സമൂഹം പുലര്‍ത്തുന്ന സമീപനത്തിന്റെ ഉള്‍ക്കാഴ്ചയിലൂടെയാണ്. ഹുസൈന്‍ ഇന്ത്യന്‍ രാഷ്ട്രബോധത്തിന്റെ മുഖ്യധാരയിലേക്ക് ചിത്രകലയുടെ ഭാഷ കടത്തിവിട്ടു. ഒപ്പംതന്നെ സ്വതന്ത്ര ഇന്ത്യയില്‍ സാധ്യമാകുന്ന വ്യത്യസ്തമായ മതാത്മക ജീവിത ഭാവനകളുടെ സര്‍ഗ്ഗാത്മക ആവിഷ്‌കാരങ്ങളും തന്റെ ചിത്രകലയിലേക്ക് കടത്തിവിട്ടു.
‘ഒരു വ്യക്തി ജീവിതത്തിന്റെ കലാചരിത്രവും ദേശചരിത്രവും’ എന്ന ആമുഖത്തില്‍ കവിത ബാലകൃഷ്ണന്‍ എം.എഫ്.ഹുസൈന്‍ എന്ന ചിത്രകാരനെ ശക്തമായിത്തന്നെയാണ് അടയാളപ്പെടുത്തുന്നത്:- ‘ഭൂതകാലത്തില്‍ നിന്നും വര്‍ത്തമാനകാലഘട്ടത്തില്‍ നിന്നും ദേശത്തെക്കുറിക്കുന്ന സൂചകരൂപങ്ങള്‍- ഗ്രാമീണര്‍, ഭഗവാന്മാര്‍, ദേവതമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിങ്ങനെ പെറുക്കിയെടുക്കുമ്പോള്‍ ഒരു നിശ്ചിത സംസ്‌കാരത്തിലെ മതം, രാഷ്ട്രീയം, പാരമ്പര്യം തുടങ്ങിയവയുടെ സന്ദര്‍ഭങ്ങള്‍ ഒരാള്‍ സ്പര്‍ശിക്കുന്നുവെന്നത് ശരിയാണ്. പക്ഷേ, ചിത്രകാരന്റെ ഈ സൂചകരൂപങ്ങള്‍ക്കുള്ളില്‍ ആരെങ്കിലും ദേശസത്തയുടെ ആവാഹനമന്ത്രം നിറച്ചിട്ടുണ്ടോ? ബിംബം വിഗ്രഹമാകുന്നത് അത് പ്രതിഷ്ഠിക്കുമ്പോഴാണ്. ഒരു തന്ത്രിയും വെള്ളം തളിച്ചിട്ടില്ലാത്തതിനാല്‍, മന്ത്രമൂതിയിട്ടില്ലാത്തതിനാല്‍ ഹുസൈന്റെ ഡ്രോയിങ്ങ് ഒരു മത വസ്തുവല്ല. ഹുസൈന്‍ ചിത്രങ്ങളില്‍ ആവശ്യത്തിലധികമുള്ള കുഴമറികളുള്ളതുകൊണ്ട് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അവ ഏതെങ്കിലും കക്ഷിക്ക് ഉപകാരപ്രദമായിട്ടില്ല. കരുവാന്റെ മകന്‍ അക്കൗണ്ടന്റ്, അക്കൗണ്ടന്റിന്റെ മകന്‍ ചിത്രകാരന്‍- ഇങ്ങനെയാണ് ഹുസൈന്റെ കര്‍മ്മപൈതൃകം. ജീനുകളുടെ സാമൂഹിക നൈരന്തര്യം നഷ്ടപ്പെട്ട ഒരു കണ്ണിയാണ്. അതിനാല്‍ ഹുസൈന്‍ ‘ഇന്ത്യന്‍ ചിത്രകാരന്‍’ ആയത് മത-രാഷ്ട്രീയ പാരമ്പര്യ സത്തകളുടെ തുടര്‍ച്ചകൊണ്ടല്ല. ഹൂസൈന്‍ അറിഞ്ഞും അറിയാതെയും പുറത്തു വലിച്ചിട്ടത് ഇന്ത്യന്‍ സന്ദര്‍ഭത്തിലെ ശൈഥില്യങ്ങളാണ്. അതിനാല്‍ ഈ പുസ്തകം ഒരു ഇന്ത്യന്‍ ചിത്രകാരന്‍ എന്ന നിലയ്ക്ക് ഹുസൈനെ കാണുന്നു. ഫലത്തില്‍ ‘ഇന്ത്യന്‍ ചിത്രകാരന്‍’ എന്ന പരികല്പനയുടെതന്നെ ചരിത്രവും സ്പര്‍ശിക്കുന്നു.’ കവിത ബാലകൃഷ്ണന്റെ ‘ഇന്ത്യന്‍ ചിത്രകാരന്‍’ എന്ന പുസ്തകം ചിന്തയുടെ അന്തരാളങ്ങളില്‍ നിന്ന് വായനയുടെയും അറിവിന്റെയും അനന്തവിഹായസ്സിലേക്ക ഭ്രാന്തമായലയാന്‍ പ്രാപ്തമായ കലാപ്രണയം നമ്മിലുണ്ടാക്കുന്നു. പ്രബുദ്ധചിന്തയുടെ ആത്മാവ് എഴുത്തുകാരിയേയും എഴുത്തിനെയും മഹത്തരമാക്കുമ്പോള്‍ വരദാനങ്ങളുടെ നാടായ ഇരിങ്ങാലക്കുടയുടെ മണ്ണില്‍ ഈ അക്ഷരങ്ങള്‍ ചരിത്രരേഖയാകുന്നു..

 

അഞ്ജലി ഇരിങ്ങാലക്കുട

 

Advertisement