ഇരിങ്ങാലക്കുട സ്‌പെഷ്യല്‍ സബ്ബ് ജയില്‍; രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി

568

ഇരിങ്ങാലക്കുട: ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കുന്ന സ്‌പെഷ്യല്‍ സബ്ജയില്‍ കെട്ടിട സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണങ്ങള്‍ തുടങ്ങി. സര്‍ക്കാര്‍ അനുവദിച്ച എട്ട് കോടിരൂപ ഉപയോഗിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മൂന്നര വര്‍ഷത്തിലധികമായി പണം ലഭിക്കാത്തതു കൊണ്ട് ജയില്‍ സമുച്ചയ നിര്‍മ്മാണം സ്തംഭനാവസ്ഥയിലായിരുന്നു. ഇപ്പോള്‍ അനുവദിച്ച തുക കൊണ്ട് ഒന്നാം നിലയിലെ പ്ലാസ്റ്ററിങ്, ഫ്‌ളോറിങ്, ഇലക്ട്രിഫിക്കേഷന്‍, സാനിറ്ററിങ് എന്നിവ പൂര്‍ത്തീകരിക്കും. രണ്ടാം നില പൂര്‍ണമായും പണിയുകയും ചുറ്റുമതില്‍ കെട്ടുകയും ചെയ്യുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. പതിനെട്ട് മാസം കൊണ്ട് ജയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അവര്‍ അറിയിച്ചു. സിവില്‍ സ്റ്റേഷന്‍ കൊമ്പോണ്ടിനോട് ചേര്‍ന്നുള്ള രണ്ട് ഏക്കര്‍ 14 സെന്റ് സ്ഥലത്ത് 15000 സ്‌ക്വയര്‍ഫീറ്റില്‍ രണ്ട് നിലകളിലാണ് ജയില്‍ നിര്‍മ്മിക്കുന്നത്. ഇതില്‍ 200 പ്രതികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിനായി 10 കോടി 60 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി വരുന്നതിനിടയില്‍ അനുവദിച്ച തുകയില്‍ നിന്ന് പഴയ സര്‍ക്കാര്‍ എട്ട് കോടി വകമാറ്റി. ഇത് മറ്റൊരു ജയിലിന് വേണ്ടി നല്‍കിയതെന്നായിരുന്നു ആക്ഷേപം. ലഭിച്ച രണ്ട് കോടിയില്‍ 1.8 കോടിയുടെ നിമ്മാണം പൂര്‍ത്തിയായികഴിഞ്ഞു. ബാക്കി 20 ലക്ഷം ഇലട്രീഫിക്കേഷന്‍ ജോലിക്കായി നീക്കി വെച്ചിരിക്കുകയാണ്.
മൂന്നര വര്‍ഷമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ട് ഇരിങ്ങാലക്കുട പ്രൊഫ കെ.യു അരുണന്‍ എം.എല്‍.എ നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സ്‌പെഷ്യല്‍ സബ് ജയില്‍ നിര്‍മ്മാണത്തിനായി എട്ട് കോടി രൂപ അനുവദിച്ചത്.

Advertisement