ക്രൈസ്റ്റിൻ്റെ ‘പുസ്തകത്തണൽ’ പദ്ധതിക്ക് തുടക്കമായി

72

ഇരിങ്ങാലക്കുട: പൊതുസ്ഥലങ്ങളിൽ വായനശാല ഒരുക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻ്റെ ‘പുസ്തകത്തണൽ’ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലിൽ ക്രൈസ്റ്റ് കോളേജ് ഒരുക്കിയ കമ്മ്യൂണിറ്റി ലൈബ്രറി നഗരസഭാ ചെയർപേഴ്സൺ സോണിയ ഗിരി ഹോസ്പിറ്റലിന് കൈമാറി. കോളേജിലെ എൻ. എസ്. എസ്. യൂണിറ്റുകളും കോളേജ് ലൈബ്രറിയും ചേർന്ന് ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് ‘പുസ്തകത്തണൽ’. ശാരീരികവും മാനസികവുമായ വേദനയോടെ ആശുപത്രിയിൽ സമയം ചെലവഴിക്കേണ്ടി വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസം ആകുന്നതാണ് ഹോസ്പിറ്റലിൽ ഒരുക്കിയിരിക്കുന്ന ഈ പുസ്തകശേഖരം എന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സോണിയാ ഗിരി പറഞ്ഞു. കാത്തിരിപ്പിൻ്റെ വിരസത അകറ്റുന്നതിനോടൊപ്പം വായനയിൽ അഭിരുചി വർദ്ധിപ്പിക്കുവാനും ഇത്തരം പദ്ധതികൾ സഹായകരമാകുമെന്ന് ചെയർപേഴ്സൺ വ്യക്തമാക്കി. പൊതുഇടങ്ങളിൽ വായനശാല ഒരുക്കുന്ന പദ്ധതിയുടെ തുടക്കമാണ് ജനറൽ ഹോസ്പിറ്റലിൽ ആരംഭിച്ചിരിക്കുന്ന ഈ ലൈബ്രറി. തുടർന്ന് റെയിൽവേ സ്റ്റേഷനുകളിലും മറ്റ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും പൊതു ലൈബ്രറികൾ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നതാണ്. വിവിധ വിഷയങ്ങളിൽ പൊതുവായനക്ക് ഉപകരിക്കുന്ന പുസ്തകങ്ങളാണ് തുടക്കത്തിൽ ലൈബ്രറിയിൽ ഒരുക്കിയിരിക്കുന്നത്. സമയാസമയങ്ങളിൽ പുസ്തക ശേഖരത്തിൽ നവീകരണവും വിപുലീകരണവും നടത്തുന്നതാണ്.ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഫാ. ജോയി പീണിക്കപറമ്പിൽ. കോളേജ് ലൈബ്രേറിയൻ ഫാ. സിബി ഫ്രാൻസിസ്, എൻ എസ് എസ്. കോർഡിനേറ്റർമാരായ പ്രൊഫ. ജിൻസി എസ് ആർ. ജോമേഷ് ജോസ്, ഹോസ്പിറ്റൽ സൂപ്രണ്ട് മിനി എന്നിവർ സംസാരിച്ചു.

Advertisement