ബിടെക് ജീവിതത്തിൽതന്നെ സംരംഭക മേഖലയിലും കഴിവ് തെളിയിക്കാൻ കൺവെർജ് സംഘടിപ്പിച്ചു

81

ഇരിങ്ങാലക്കുട :സംരംഭകത്വം ഒരു ശാസ്ത്രമോ കലയോ അല്ല. മറിച്ച് അതൊരു പരിശീലനമാണ് പ്രശസ്തനായ പീറ്റർ ഡ്രക്കറിന്റെ വാക്കുകളാണിത്. വ്യക്തമായ തയ്യാറെടുപ്പുകളോടെ മാത്രമാണ് പുതിയ ഒരു സംരംഭം വിജയത്തിലെത്തിക്കാൻ സാധിക്കുകയുള്ളൂ. പഠനത്തോടൊപ്പംതന്നെ അത്തരം ചിന്തകൾ വളർത്തേണ്ടതും ആവശ്യകമായ ഒന്നാണ്. അത്തരത്തിൽ വിദ്യാർത്ഥികളുടെ ബിടെക് ജീവിതത്തിൽതന്നെ സംരംഭക മേഖലയിലും കഴിവ് തെളിയിക്കാൻ അവരെ സഹായിക്കുന്നതിനായാണ് കൺവെർജ് 2021 സംഘടിപ്പിച്ചത്.
ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇരിങ്ങാലക്കുടയിലെ ഐ ഈ ഡി സി സെല്ലിന്റെ നേതൃത്വത്തിൽ കോളേജിലെ ആദ്യ വർഷ ബിരുദ വിദ്യാർത്ഥികൾക്ക്, സംരംഭക മേഖലയെ പറ്റിയും, ഐ ഇ ഡി സി സെല്ലിനെ പറ്റിയും കൂടുതലറിയാൻ സഹായിക്കുന്ന തരത്തിലുള്ള ക്ലാസുകളായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. ക്രൈസ്റ്റ് കോളേജ് – ഐ ഈ ഡി സി നോഡൽ ഓഫീസർ രാഹുൽ മനോഹർ ഏവരെയും സ്വാഗതം ചെയ്തു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ജോൺ പാലിയേക്കര കൺവെർജ് 2021 ഉദ്ഘാടനം ചെയ്തു. ജോയിന്റ് ഡയറക്ടർ ഫാദർ ജോയ് പയ്യപ്പിള്ളി,പ്രിൻസിപ്പാൾ ഡോ സജീവ് ജോൺ, വൈസ് പ്രിൻസിപ്പാൾ ഡോ. വി ഡി ജോൺ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്താലും പൂർണപിന്തുണയാലും പരിപാടി വൻവിജയമായി. കോവിഡ് പ്രോട്ടോകോൾ പൂർണമായി അനുസരിച്ചും, സാമൂഹിക അകലം പാലിച്ചും, നടത്തിയ പരിപാടി ഒരു വിജയമാക്കിത്തീർത്തത് കോളേജ് ഐ ഈ ഡി സി പ്രവർത്തകരാണ്. സിസ്കോ തിൻക്യൂബേറ്റർ കമ്പനിയുടെ നേതൃത്വത്തിൽ നടത്തിയ വർക്ക്ഷോപ്പും,ഐ ഇ ഡി സി യെ പറ്റി കൂടുതലറിയാൻ വിദ്യാർഥികളെ സഹായിച്ചു. അഖിൽ മാധവിന്റെ നേതൃത്വത്തിൽ നടത്തിയ വർക്ക്ഷോപ്പ്, വിദ്യാർഥികളിലെ ക്രിയാത്മകമായ കഴിവുകളെയും ചിന്തകളെയും ഉണർത്തുന്നതിന് ഉപകരിച്ചു. ഒരു ആശയത്തെ എങ്ങനെ ഒരു സംരംഭമാക്കി മാറ്റാമെന്നും എങ്ങനെ ഒരു നല്ല സംരംഭകൻ ആകാമെന്നും, കളികളിലൂടെ വിദ്യാർത്ഥികൾക്ക് അദ്ദേഹവും സംഘവും പറഞ്ഞു കൊടുത്തു.
വിവിധ ഘട്ടങ്ങളിലൂടെ, വിദ്യാർഥികൾക്കു സംരംഭക മേഖലയെ കുറിച്ച് കൂടുതൽ അറിയാനും മനസ്സിലാക്കാനും കൺവെർജ് 2021 ഉപകരിച്ചു.പരിപാടി ഒരു വിജയമാക്കി തീർക്കാൻ സഹായിച്ച കോളേജ് മാനേജ്മെൻ്റിന്നും, വിശിഷ്ട വ്യക്തികൾക്കും,എല്ലാ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും നന്ദി പറഞ്ഞുകൊണ്ട് ക്രൈസ്റ്റ് കോളേജ് ഐ ഇ ഡി സി സെല്ലിന്റെ സി ഈ ഒ – .മുഹമ്മദ് ആഷിക്ക് പരിപാടിക്ക് സമാപനം കുറിച്ചു.

Advertisement