പൊറത്തിശ്ശേരി നിരോധനാജ്ഞ ലംഘിച്ചതിന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 15 പേര്‍ക്കെതിരെ കേസ്

632

പൊറത്തിശ്ശേരി: നിരോധനാജ്ഞ പ്രഖ്യാപിച്ച ഇരിങ്ങാലക്കുട നഗരസഭയില്‍ ഉള്‍പ്പെട്ട പഴയ പഞ്ചായത്ത് പ്രദേശമായ പൊറത്തിശ്ശേരി മേഖലയില്‍ പോലീസ് നടപടികള്‍ കര്‍ശനമാക്കി. വെള്ളിയാഴ്ച കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടികള്‍ കൂടുതല്‍ ശക്തമാക്കിയത്. നിരോധനാജ്ഞ ലംഘിച്ചതിന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തീട്ടുണ്ട്. പൊറത്തിശ്ശേരി മേഖലയില്‍ ആറുപിക്കറ്റ് പോസ്റ്റുകളും ഇരിങ്ങാലക്കുട സി.ഐ.എം.ജെ ജിജോ, എസ്.ഐ.അനൂപ് പി .ജി എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് പട്രോളിങ്ങ് സംഘങ്ങളേയും നിയോഗിച്ചീട്ടുണ്ട്. ഇതിനുപുറമെ ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തില്‍ അനൗണ്‍സ്‌മെന്റും നടത്തുന്നുണ്ട്. പഞ്ചായത്തിലേക്കുള്ള റോഡുകളെല്ലാം പോലീസ് അടച്ചുകെട്ടിയിരിക്കുകയാണ്. പ്രധാന വഴികളിലെല്ലാം ബാരക്കേടുകള്‍ വെച്ച് തടഞ്ഞ് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. വളരെ അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് ആളുകള്‍ പുറത്തിറങ്ങുന്നത്.

Advertisement