കൂടല്‍മാണിക്യം മണിമാളിക സ്ഥലത്ത് പുതിയ കോംപ്ലക്‌സ് കെട്ടിടത്തിന് നവംബറില്‍ തറക്കല്ലിടാനൊരുങ്ങി ദേവസ്വം

53

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം മണിമാളിക സ്ഥലത്ത് പുതിയ കോംപ്ലക്‌സ് കെട്ടിടത്തിന് നവംബറില്‍ തറക്കല്ലിടാനൊരുങ്ങി ദേവസ്വം. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്നും പ്രവര്‍ത്തികള്‍ ആരംഭിച്ചാല്‍ എട്ട് മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ്‌മേനോന്‍ പറഞ്ഞു. ഇതിന്റെ മുന്നോടിയായി മണിമാളിക സ്ഥലത്ത് മണ്ണ് പരിശോധന ആരംഭിച്ചു. തൃശ്ശൂര്‍ എഞ്ചിനിയറിങ്ങ് കോളേജില്‍ നിന്നുള്ള വിദഗ്ദ്ധസംഘത്തിന്റെ നേതൃത്വത്തിലാണ് മണ്ണ് പരിശോധന നടക്കുന്നത്.മണിമാളിക സ്ഥലത്ത് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് നേരത്തെ തന്നെ ദേവസ്വം കമ്മീഷണറുടെ ഭരണാനുമതി ലഭിച്ചിരുന്നു. മൂന്ന് നിലകളിലായി ഠാണാവില്‍ ദേവസ്വം നിര്‍മ്മിച്ച സംഗമേശ്വര കോംപ്ലക്‌സിന്റെ മാതൃകയിലാണ് ഇവിടേയും കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ദേവസ്വമായതിനാല്‍ പദ്ധതിയുമായി സഹകരിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും മൂന്നോ, നാലോ വര്‍ഷത്തെ പണം മുന്‍കൂറായി വാങ്ങി കെട്ടിടം നിര്‍മ്മിക്കാനാണ് തീരുമാനം. നിരവധി പേര്‍ പദ്ധതിയില്‍ താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നീട്ടുണ്ടെന്നും അവരുമായി സംസാരിച്ച് കരാര്‍ ഒപ്പുവെച്ചാല്‍ പണി ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.നേരത്തെ മണിമാളിക കോംപ്ലക്സ് നിര്‍മ്മിക്കാന്‍ പ്ലാനും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയിരുന്നെങ്കിലും കെട്ടിടത്തിലെ വാടകക്കാരില്‍ ചിലര്‍ കെട്ടിടം പൊളിക്കുന്നതിനെതിരെ രംഗത്തെത്തിയതോടെ ദേവസ്വം പദ്ധതിയില്‍ നിന്നും പിറകോട്ടുപോകുകയായിരുന്നു. പേഷ്‌കാര്‍ റോഡിനും കുട്ടംകുളത്തിനും അഭിമുഖമായി നിന്നിരുന്ന മണിമാളിക കെട്ടിടം വര്‍ഷങ്ങളായി ചോര്‍ന്നൊലിച്ച് അപകട ഭീഷണിയിലായിരുന്നു. തുടര്‍ന്ന് നഗരസഭയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെട്ടിടം പൊളിച്ചുനീക്കാന്‍ ദേവസ്വം നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് വാടകക്കാരില്‍ ചിലര്‍ ഒഴിഞ്ഞുപോയെങ്കിലും ചിലര്‍ കോടതിയെ സമീപിച്ചു. ഇതിനെ തുടര്‍ന്ന് കെട്ടിടം പൊളിച്ചുനീക്കാന്‍ ദേവസ്വത്തിന് സാധിച്ചിരുന്നില്ല. പിന്നീട് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത വാടകക്കാരുടെ യോഗത്തില്‍ വെച്ചുണ്ടായ ധാരണയെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചുനീക്കിയത്.

Advertisement