സിംഗപ്പൂർ അണ്ടർ വാട്ടർ വെഹിക്കിൾ ചലഞ്ചിൽ തിളങ്ങി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിൻ്റെ റോബോട്ട്

39

ഇരിങ്ങാലക്കുട: ഐ ട്രിപ്പിൾ ഇ ഓഷിയാനിക് എൻജിനീയറിങ് സൊസൈറ്റി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ, സിംഗപ്പൂർ പോളി ടെക്നിക് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച അണ്ടർ വാട്ടർ റോബോട്ടിക് മത്സരത്തിൽ ശ്രദ്ധേയമായി ഇരിങ്ങാലക്കുടയിൽ നിർമിച്ച റോബോട്ട്. ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ അണ്ടർ വാട്ടർ റിസർച്ച് ലാബ് വികസിപ്പിച്ചെടുത്ത റോബോട്ടാണ് പതിമൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ അണിനിരന്ന അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയത്. ക്യാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ സ്വയം വിശകലനം ചെയ്ത് തടസങ്ങൾ ഒഴിവാക്കി ജലോപരിതലത്തിനടി യിലൂടെ ഒട്ടോണോമസ് ആയി സഞ്ചരിക്കാൻ ശേഷിയുള്ള ഈ റോബോട്ടിൻ്റെ സവിശേഷത കുറഞ്ഞ ഭാരവും ഉയർന്ന ഇന്ധനക്ഷമതയുമാണ്. കേരള സാങ്കേതിക സർവകലാശാലയുടെ ബാനറിൽ ക്രൈസ്റ്റിൽ നിന്നുള്ള ഏഴ് അംഗങ്ങൾക്ക് പുറമെ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം , വിമൽ ജ്യോതി ചെമ്പേരി, മോഡൽ എൻജിനീയറിങ് കോളജ് തൃക്കാക്കര എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും അടങ്ങുന്ന പതിമൂന്നംഗ സംഘമാണ് സെപ്റ്റംബർ 23 മുതൽ 26 വരെ സിംഗപ്പൂർ പോളിടെക്നിക് ആതിഥേയത്വം വഹിച്ച ഫൈനലിൽ പങ്കെടുത്തത്. ക്രൈസ്റ്റ് സെൻ്റർ ഫോർ ഇന്നവേഷൻ ആൻഡ് ഓപ്പൺ ലേണിങ് ഡയക്ടറും അധ്യാപകനുമായ സുനിൽ പോളിൻ്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് എൻജിനീയറിങ് കോളജിൽ പ്രവർത്തിക്കുന്ന അണ്ടർ വാട്ടർ റിസർച്ച് ലാബിന് ജലാശയങ്ങളിൽ നൂറ് മീറ്റർ വരെ ആഴത്തിലെത്തി നിരീക്ഷണം നടത്താൻ ശേഷിയുള്ള റോബോട്ടുകൾ ഉൾപ്പെടെ സ്വന്തമായുണ്ട്.അന്താരാഷ്ട്ര മത്സരത്തിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ച വിദ്യാർത്ഥികളെയും അവർക്ക് നേതൃത്വം നൽകിയ ഗവേഷകരായ സുനിൽ പോൾ, അഖിൽ ബി അറക്കൽ എന്നിവരെയും കോളേജ് എക്സിക്യുട്ടിവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, ജോയിൻ്റ് ഡയറക്ടർമാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആൻ്റണി ഡേവിസ്, പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ എന്നിവർ അഭിനന്ദിച്ചു.

Advertisement