ഭാവഗായകന് ഇരിങ്ങാലക്കുടയുടെ സ്നേഹാദരം

95

ഇരിങ്ങാലക്കുട: ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നിയോജക മണ്ഡല തലത്തിൽ നടക്കുന്ന ഓണാഘോഷമായ വർണ്ണക്കുടയിൽ മലയാളികളുടെ ഭാവഗായകനും ഇരിങ്ങാലക്കുടയുടെ പ്രിയപുത്രനുമായ പി.ജയചന്ദ്രന് സ്നേഹാദരം.ആലാപനസിദ്ധിയുടെയും നാദസൗന്ദര്യത്തിന്റെയും ഗന്ധർവ്വനെ, പാട്ടുകളുടെ രാജകുമാരനെ, ഇരിങ്ങാലക്കുട പൗരാവലിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. ബഹു.മന്ത്രി ശ്രീ. വി അബ്ദുറഹ്മാനോടൊപ്പം ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു ജയചന്ദ്രനെ പൊന്നാടയണിയിച്ചു.പദ്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ഉപ്പുംമുളക് ഫെയിം ശിവാനി തുടങ്ങിയവരും മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരും പങ്കെടുത്തായിരുന്നു വിശിഷ്ടമായ ചടങ്ങ്.ആദരിക്കൽ ചടങ്ങിന് ശേഷം പി. ജയചന്ദ്രന്റെ ഭാവഗീതങ്ങൾ ഉൾക്കൊള്ളിച്ചുള്ള ജയരാജ് വാര്യരുടെ ജയചന്ദ്രിക ഗാനമേള സംഗീതപ്രേമികളെ ഗാനാസ്വാദനത്തിന്റെ മറ്റൊരു ലോകത്തിലേക്കാനയിച്ചു.ഭാവഗായകനെ ഒന്നു നേരിൽക്കാണാനും സ്നേഹാദര സദസ്സിൽ പങ്കെടുക്കാനും നൂറുകണക്കിനാളുകളാണ് ചടങ്ങിൽ എത്തിച്ചേർന്നത്

Advertisement