കര്‍മ്മശ്രേഷ്ഠ, കലാശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ (തിങ്കളാഴ്ച) സമ്മാനിക്കും

138

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ കര്‍മ്മശ്രേഷ്ഠ, കലാശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ നാളെ (തിങ്കളാഴ്ച) സമ്മാനിക്കും. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി ആയിരത്തിഇരുന്നൂറ്റിനാല്‍പതില്‍പരം രോഗനിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ള, ഇതുവഴി നിരാലംബരായ രോഗികള്‍ക്ക് പ്രത്യാശയുടെ വെളിച്ചമാകുന്ന ജോണ്‍സണ്‍ കോലങ്കണ്ണിക്കാണ് കര്‍മ്മശ്രേഷ്ഠ പുരസ്‌കാരംനല്‍കുന്നത്്. തിമിരം, ക്യാന്‍സര്‍, വൃക്ക, ലിവര്‍, കിഡ്നി രോഗങ്ങളുടെ നിര്‍ണയം, ബോധവല്‍ക്കരണം, ചികിത്സാ നിര്‍ദ്ദേശങ്ങള്‍,ബി.പി.എല്ലുകാര്‍ക്കുള്ള സൗജന്യ ചികിത്സാ പദ്ധതികള്‍ എന്നിവയാണ്ക്യാമ്പുകളുടെ ഭാഗമായി ജോണ്‍സണ്‍ ചെയ്തു വരുന്നത്. മലയാളികള്‍ക്ക് അധികം സുപരിചിതമല്ലാത്ത കലാരൂപമായ കഥകിനെ ജനപ്രിയ നൃത്തരൂപമാക്കുന്നതില്‍ കഠിനധ്വാനം ചെയ്ത,കഥകിനെ പ്രണയിച്ച കലാകാരി ശരണ്യ ജെസ്ലിനാണ് കലാശ്രേഷ്ഠ പുരസ്‌കാരം നല്‍കുന്നത്്. നിര്‍മലപ്പണിക്കര്‍ മുതല്‍ വിദുഷി ശാശ്വതിസെന്‍ വരെയുള്ള ഗുരുക്കന്മാരുടെ കീഴില്‍ നൃത്തം അഭ്യസിച്ചിട്ടുള്ള ശരണ്യ,കഥകിലെ ഗുരുശ്രേഷ്ഠനായ പദ്മശ്രീ പുരു ദധീചിന്റെ അരുമശിഷ്യയാണ്.ശരണ്യാസ് സഹസ്ര എന്ന പേരില്‍ ഇരിങ്ങാലക്കുടയിലും, തൃശ്ശൂരിലും വിദേശത്തും നൃത്ത ക്ലാസ്സുകള്‍ നടത്തുന്ന ശരണ്യ, ആകാശവാണി മുന്‍ ഗ്രേഡ് ആര്‍ട്ടിസ്റ്റും പ്രഫഷണല്‍ സിങ്ങറുമായ ശങ്കര്‍ജി വെള്ളാങ്കല്ലൂരിന്റെയും സരസയുടേയുംമകളും, കലാകരന്‍കൂടിയായ ജെസ്ലിന്റെ ഭാര്യയുമാണ്. ഇരിങ്ങാലക്കുട എം.സി.പി. ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മന്ത്രി ഡോ.ആര്‍. ബിന്ദു കര്‍മ്മശ്രേഷ്ഠ, കലാശ്രേഷ്ഠ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.പതിനായിരത്തിഒന്ന് രൂപയും ഫലകവുമാണ് പുരസ്‌കാരം.ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് എന്‍.സതീശന്‍ അധ്യക്ഷത വഹിക്കും. ലയണ്‍സ് ക്ലബ്ബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പില സ്ഥാനാരോഹണ ചടങ്ങ് നിര്‍വ്വഹിക്കും. അഡ്വ. തോമാസ്ഉണ്ണിയാടന്‍ മുഖ്യാതിഥിയായിരിക്കും.നഗരസഭ ചെയര്‍പേഴ്‌സന്‍ സോണിയ ഗിരി,ഏരിയ ലീഡര്‍ വില്‍സന്‍ ഇലഞ്ഞിക്കല്‍, റീജിയണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍, സോണ്‍ ചെയര്‍മാന്‍ വി.ആര്‍. പ്രേമന്‍, കെ.എ. റോബിന്‍, ഷാജു കണ്ടംകുളത്തി, പി.സി. ജോര്‍ജ്ജ് എന്നിവര്‍ സംസാരിക്കും.

Advertisement