പൊതുവിദ്യാലയങ്ങളിലെ പഠനം വിദ്യാര്‍ത്ഥീ കേന്ദ്രീകൃതമാകണം: മന്ത്രി ഡോ ആര്‍ ബിന്ദു

60

ഇരിങ്ങാലക്കുട : പൊതുവിദ്യാലയങ്ങളിലെ പഠനം വിദ്യാര്‍ത്ഥീ കേന്ദ്രീകൃതമാകണമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട ഗവ.മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കിഫ്ബിയുടെ ഒരു കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിര്‍മ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി അഞ്ചരലക്ഷത്തോളം കുട്ടികളാണ് സ്വകാര്യവിദ്യാലയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേര്‍ന്നതെന്നും ഉയര്‍ന്ന വിജയശതമാനമാണ് പൊതുവിദ്യാലയങ്ങള്‍ നേടുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ലഭ്യമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനും ജനപ്രതിനിധികളുടെ ശ്രദ്ധ വിദ്യാലയങ്ങളിലേക്ക് കൊണ്ടുവരാനും അധ്യാപകര്‍ക്ക് കഴിയണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ ടി വി ചാര്‍ലി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ അംബിക പള്ളിപ്പുറത്ത്, ജെയ്‌സന്‍ പാറേക്കാടന്‍, അഡ്വ ജിഷ ജോബി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ കൃഷ്ണനുണ്ണി, പ്രധാനാധ്യാപിക എം രജിത, പിടിഎ പ്രസിഡന്റ് റെജി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ബിന്ദു ഹിജീഷ്, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് പ്രൊഫ. ജോസ് തെക്കേത്തല തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement