കാട്ടൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തിവന്ന വനിത ദിന വാരചാരണം ആഘോഷങ്ങളോടെ സമാപിച്ചു

33

കാട്ടൂർ :ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി നടത്തിവന്ന വനിത ദിന വാരചാരണം “പെണ്ണൊരുക്കം2022” ആഘോഷങ്ങളോടെ സമാപിച്ചു.മാർച്ച് 2 മുതൽ 8 വരെ ഏഴ് ദിവസങ്ങളിലായി നടന്ന പരിപാടികൾക്കാണ് ഇന്നലെ പരിസമാപ്തി കുറിച്ചിരിക്കുന്നത്.സമാപന സമ്മേളനം കാട്ടൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ ഉത്ഘാടനം നിർവഹിച്ചു.മാർച്ച് 2 ന് നാനൂറിലധികം വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് പൊഞ്ഞനം ക്ഷേത്ര മൈതാനിയിൽ നിന്നും കാട്ടൂർ ബസാറിലേക്ക് നടത്തിയ വിളംബര ഘോഷയാത്രയോടെയാണ് വാരാചാരണം ആരംഭിച്ചത്.2-ാം ദിവസം കാട്ടൂരിന്റെ വികസന പാഥയിൽ നാഴികക്കല്ലായി മാറിയ വനിതകളെ ആദരിക്കുന്ന ആദരണീയം പരിപാടി,3-ാം ദിവസം സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ലിംഗാധിഷ്ഠിത അതിക്രമങ്ങളും സമകാലിക കേരളവും എന്ന വിഷയത്തിൽ നടന്ന സെമിനാർ,4ആം ദിവസം കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ കൈപുണ്യം വിളിച്ചോതുന്ന ഭക്ഷ്യമേള,5-ാം ദിവസം വാർഡ് തലത്തിൽ നടന്ന ബാലസഭ കുട്ടികളുടെയും,കുടുംബശ്രീ അയൽക്കൂട്ടങ്ങൾ,ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ ആയ വനിതകളുടെ കലാഭിരുചി തെളിയിക്കുന്ന കലാ-സാഹിത്യ മത്സരങ്ങൾ,6-ാം ദിവസം പൊതു ഇടം തന്റേതും എന്ന് വിളിച്ചോതുന്ന രാത്രി നടത്തം,7-ാം ദിവസം പ്രാദേശിക കലാകാരികളുടെ വിവിധ കലാപരിപാടികളോടെയുള്ള സമാപന സമ്മേളനം എന്നിങ്ങനെ ആയിരുന്നു ആഘോഷ പരിപാടികൾ.ആദ്യ ദിനം 400 ഇൽ തുടങ്ങിയ പങ്കാളിത്തം അവസാന ദിവസം 1000 ലധികം വനിതകളെ പങ്കെടുപ്പിക്കാനായി.വാരാചാരണത്തിന് മത്സരാടിസ്ഥാനത്തിൽ നടത്തിയ പേരിടൽ പരിപാടിയിൽ 6ആം വാർഡ് വിപഞ്ചിക അയൽക്കൂട്ടാംഗം ബബിത ധനേഷ് നിർദ്ദേശിച്ച “പെണ്ണൊരുക്കം” സമ്മാനാർഹമായി.ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ,ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്,സ്നേഹിത ജില്ല സർവീസ് പ്രൊവൈഡർ വിനീത തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം കൊണ്ട് മഹനീയമായിരുന്നു ഓരോ ദിവസവും. കൂടാതെ നാടൻ പാട്ടുകളുടെ വിസ്മയ ലോകം തീർത്ത മണ്ണ് നാട്ടറിവ് പഠന കലാകേന്ദ്രം,പ്രശസ്ത സിനിമ-മിമിക്രി കലാകാരൻ രാജേഷ് തമ്പുരു,ഗിന്നസ്‌ വേൾഡ് റെക്കോഡ് കരസ്ഥമാക്കിയ ഫ്ലവഴ്‌സ് ചാനൽ കോമഡി ഉത്സവം ഫെയിം അനീഷ് ഇൻ ആർട്ട് തുടങ്ങിയവരുടെ പ്രകടനങ്ങളും സദസ്സിനെ ഹൃദ്യമാക്കി.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം കമറുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിഡിഎസ് ചെയർപേഴ്‌സൻ അജിത ബാബു സ്വാഗതവും,അക്കൗണ്ടന്റ് ജിഷ സതീശൻ നന്ദിയും പറഞ്ഞു.അനീഷ് ഇൻ ആർട്ട് മുഖ്യാതിഥിയായി.കാട്ടൂർ കുടുംബശ്രീയുടെ സ്‌ത്രീപക്ഷ നവകേരളം കർമ്മ പദ്ധതി പുസ്തക പ്രകാശനം പഞ്ചായത്ത് സെക്രട്ടറി എം.എച്ച് ഷാജിക്ക് നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി.എം ബഷീർ സമ്മാനദാനം നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി സന്ദീപ്,സിഡിഎസ് വൈസ് ചെയർപേഴ്‌സൻ ബസീല സഗീർ,വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ,വാർഡ് അംഗങ്ങൾ,സിഡിഎസ്-എഡിഎസ്-അയൽക്കൂട്ട-ഓക്സിലറി ഗ്രൂപ്പ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement