മന്ത്രി ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ശേഷിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം

38

ഇരിങ്ങാലക്കുട: നബാര്‍ഡിന്റെ ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ജനറല്‍ ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ ശേഷിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനം. പുതിയ കെട്ടിടത്തിന്റെ ശേഷിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മന്ത്രി ആര്‍. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന് മുകളില്‍ മൂന്ന് നിലകള്‍ നിര്‍മ്മിക്കുന്നതിനായിട്ടാണ് നബാര്‍ഡില്‍ നിന്നും 12 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ സാങ്കേതിക അനുമതി ഉടന്‍ ലഭ്യമാക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. നബാര്‍ഡിന്റെ ഫണ്ട് ലഭ്യമാകുമ്പോള്‍ ആദ്യം നിര്‍മ്മാണം പൂര്‍ത്തിയായി കിടക്കുന്ന കെട്ടിടത്തിന്റെ ശേഷിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനും ശേഷം മുകളിലത്തെ നിലകള്‍ പണിയാനും യോഗം തീരുമാനിച്ചു. നിലവില്‍ വൈദ്യൂതി കണക്ഷന്‍ ലഭിച്ചിട്ടില്ലാത്ത കെട്ടിടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കായി അനുവദിച്ച സിംഗിള്‍ ഫേസ് കണക്ഷനിലാണ് ലൈറ്റുകളും ഫാനുകളും പ്രവര്‍ത്തിപ്പിക്കുന്നത്. കെട്ടിടത്തിനായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു കോമ്പൗണ്ടില്‍ രണ്ട് ട്രാന്‍സ്ഫോര്‍മര്‍ ഉള്ളതിനാല്‍ ഇതിന് അനുമതി ലഭിച്ചിട്ടില്ല. ഇതിന് അനുമതി ലഭ്യമാക്കുന്നതോടൊപ്പം കെട്ടിടത്തിലെ ലിഫ്റ്റ് സംവിധാനം, ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍, 1.50 ലക്ഷം കപ്പാസിറ്റിയുള്ള ഫയര്‍ സേഫ്റ്റി സംപ് ടാങ്ക്, റീറ്റയിനിങ് വാള്‍, ഇന്റര്‍ ലോക്കിങ് ടൈല്‍ വര്‍ക്കുകള്‍, സാനിറ്റേഷന്‍ വര്‍ക്കുകള്‍, അലുമിനിയം ഫാബ്രിക്കേഷന്‍, സ്‌റ്റൈന്‍ലസ് സ്റ്റീല്‍ ഹാന്‍ഡ് റെയില്‍ വര്‍ക്കുകള്‍, പെയിന്റിങ്ങ്, ശേഷിക്കുന്ന ഇലക്ട്രിഫിക്കേഷന്‍ വര്‍ക്കുകള്‍ എന്നിവയാണ് പൂര്‍ത്തിയാക്കാനുള്ളത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി, ആശുപത്രി സൂപ്രണ്ട് മിനിമോള്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി. ജോര്‍ജ്ജ്, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അംബിക പള്ളിപ്പുറത്ത്, ജെയ്‌സണ്‍ പാറേക്കാടന്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ ബിജി പി.വി., എന്‍.വി. ആന്റണി, ദീപ വി.ആര്‍., ഓവര്‍സീയര്‍ അജിത, ആശുപത്രിയിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement