ലോക പുസ്തകദിനത്തിൽ ആദ്യപാഠങ്ങൾ നൽകി എൽ.വൈ.ജെ.ഡി.

57

ഇരിങ്ങാലക്കുട :വാർഷിക പരീക്ഷകൾ പൂർത്തിയാകാതെ അദ്ധ്യയന വർഷത്തിലെ വേനലവധിയിലൂടെ കടന്നു പോകുന്ന കുട്ടികളുടെ ബോറടി മാറ്റാനായി, ലോക്താന്ത്രിക് യുവജനതാദൾ നടപ്പിലാക്കുന്ന ‘ആദ്യ പാഠം’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ലോക പുസ്തകദിനത്തിൽ ഇരിങ്ങാലക്കുടയിലെ കല്ലംകുന്നിൽ ഹോളിഫാമിലി എൽ.പി.സ്കൂൾ, അവിട്ടത്തൂർ വിദ്യാർത്ഥിനി അനസൂയ അനൂപിന് വരും വർഷത്തെ എല്ലാ വിഷയങ്ങളുടെയും ആദ്യ പാഠങ്ങൾ പ്രിൻ്റ് ചെയ്ത് നൽകി കൊണ്ട് എൽ.വൈ.ജെ.ഡി. ജില്ലാ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ നിർവ്വഹിച്ചു.സംഘടനയുടെ ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വളരെയധികം ഫോൺ കോളുകൾ എത്തുന്നുണ്ട്. ആക്കൂട്ടത്തിൽ വന്ന ഒരാവശ്യമാണ്, നിങ്ങൾ പുസ്തകങ്ങൾ വിതരണം ചെയ്യുന്നുണ്ടല്ലോ, കുട്ടികൾ വീടിനകത്തിരുന്ന് കളിച്ചും ടി.വി.കണ്ടും മടുത്തു. വരും വർഷത്തെ പാഠപുസ്തകങ്ങൾ കിട്ടിയാൽ അമ്മമാർക്ക് അവരെ എൻഗേജ് ആക്കുവാൻ സൗകര്യപ്രദമാണ്.പാഠപുസ്തകങ്ങൾ എങ്ങിനെ ലഭ്യമാക്കാം എന്ന അന്വേഷണം ‘സമഗ്ര’ എന്ന ആപ്ലിക്കേഷനിലേക്കാണ് ചെന്നെത്തിച്ചത്. ഒന്ന് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസ്സുകളിലെ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലെ പാഠപുസ്തകങ്ങളുടെ പി.ഡി.എഫ്.ഈ ആപ്പിൽ ലഭ്യമാണ്.പ്ലേ സ്റ്റോറിൽ നിന്ന് ആർക്കും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഹോം പേജിൽ ടെക്സ്റ്റ് ബുക്ക്സ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഏത് മീഡിയത്തിലെ ഏത് ക്ലാസ്സിലെ പുസ്തകങ്ങൾ വേണം എന്നുള്ളത് രേഖപ്പെടുത്തിയാൽ അതതിൻ്റെ പി.ഡി.എഫ് ലഭ്യമാകുന്നതാണ്.കോവിഡിൻ്റെ ഈ പ്രത്യേക സാഹചര്യത്തിൽ പുറത്തിറങ്ങി കളിക്കാൻ പോലുമാകാതെ കുട്ടികൾ ബുദ്ധിമുട്ടുകായാണ്, കാര്യങ്ങൾ ഇങ്ങിനെ പോയാൽ സ്കൂളുകൾ എന്ന് തുറന്ന് പ്രവർത്തിയ്ക്കും എന്ന ആശങ്ക അമ്മമാർക്കിടയിൽ നിലനിൽക്കുന്നു. അവരെ സ്വാന്തനിപ്പിക്കാനായി അതത് സ്കൂളിലെ അദ്ധ്യാപകർ മാതാപിതാക്കൾക്ക് സമഗ്ര’ എന്ന ആപ്ലിക്കേഷനെ ഉപയോഗിക്കേണ്ട വിധം പരിചയപ്പെടുത്തുന്നതും, കുട്ടികളുമായി ഫോണിൽ സ്നേഹാന്വേഷണം അറിയിക്കുന്നതും വലിയ ആശ്വാസം പകരുമെന്ന് വാക്സറിൻ പെരെപ്പാടൻ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇത്തരം ഒരു നിർദ്ദേശം ഉണ്ടായാൽ അത് കൂടുതൽ ഗുണപരമാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.മാസ്കുകളും പുസ്തകങ്ങളും വിതരണം ചെയ്യുന്നപദ്ധതി ജില്ലാതലത്തിൽ എൽ.വൈ.ജെ.ഡി ആരംഭിച്ചിരുന്നു.പാഠപുസ്തകങ്ങൾ ആവശ്യപ്പെടുന്നവർക്ക് ലോക്താന്ത്രിക് യുവജനതാദൾ പ്രവർത്തകർ സമഗ്ര ആപ്പിനെ പരിചയപ്പെടുത്തുകയും, ആപ്ലിക്കേഷൻ ഉപയോഗിക്കാൻ സാഹചര്യമില്ലാത്തവർക്ക് പി.ഡി.എഫ്. പ്രിൻ്റ് എടുത്തു നൽകുകയും ചെയ്യും വിധമാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കാനായി തങ്ങളുടെ മുടി മുറിച്ച് നൽകിയ ഈ വിദ്യാർത്ഥിനിയെയും അമ്മയെയും പ്രവർത്തകർ അഭിനന്തിച്ചു.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രവർത്തകർ അവരവരുടെ പരിസരങ്ങളിലാണ് ഇവ നൽകുക.മണ്ഡലം വർക്കിംഗ് പ്രസിഡൻ്റ് വർഗ്ഗീസ് തെക്കേക്കര, സാമൂഹിക പ്രവർത്തകൻ ടോംകിരൺ എന്നിവർ നേതൃത്വം നൽകി.

Advertisement