നൂറുദിന കര്‍മ്മ പദ്ധതിയുമായി മുരിയാട് ഗ്രാമ പഞ്ചായത്ത്

29

മുരിയാട്: മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധം ഉറപ്പിക്കലായിരിക്കണം വികസനത്തിന് അടിസ്ഥാനമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു അഭിപ്രായപ്പെട്ടുമുരിയാട് ഗ്രാമപഞ്ചായത്ത് നൂറുദിന കർമ്മ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഏതൊരു വികസനപ്രവർത്തനവും വിജയകരം ആകണമെങ്കിൽ ജനകീയ പങ്കാളിത്തം ഉറപ്പു വരുത്തണം. കാർഷിക- വ്യവസായ- ആരോഗ്യ മേഖലകളുടെ സന്തുലിതമായ വികസനത്തിൽ കൂടി മാത്രമേ നാടിന് വളർച്ച ഉണ്ടാക്കാൻ കഴിയൂ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. വൃക്ക രോഗികൾക്ക് ഡയാലിസിസിനായി മാസത്തിൽ 4000 രൂപ വീതം നൽകുന്ന പ്രാണ ഡയാലിസിസ് സഹായപദ്ധതിയും ഗ്രീൻ മുരിയാട് യൂട്യൂബ് ചാനലും മന്ത്രി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പ്രൈമറി ഹെൽത്ത് സെൻറർ സൂപ്രണ്ട് ഡോക്ടർ രാജീവ് , ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ , കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരു വർഷക്കാലം വാക്സിനേഷനായി ഹാൾ വിട്ടുനൽകിയ തറക്കൽ ഭദ്രകാളി ക്ഷേത്രം പ്രതിനിധികൾ , DCC സെൻററായി സ്കൂൾ വിട്ടു നൽകിയ ശ്രീകൃഷ്ണ സ്കൂൾ മാനേജർ എന്നിവരെയും ചടങ്ങിൽ വെച്ച് മന്ത്രി ആദരിച്ചു. കോവിഡ് മുന്നണി പോരാളികളായിരുന്ന ആശാവർക്കർമാർ, ആശുപത്രി ജീവനക്കാർ, കോവിഡ് ബ്രിഗേഡ് അംഗങ്ങൾ എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി ആദരിച്ചു. പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ , ഭരണ സമിതി അംഗം തോമസ് തൊകലത്ത് , പ്രൈമറി ഹെൽത്ത് സെൻറർ സൂപ്രണ്ട് ഡോക്ടർ രാജീവ് , ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, പഞ്ചായത്ത് സെക്രട്ടറി പ്രജീഷ് പി, പഞ്ചായത്ത് അംഗങ്ങളായ എ എസ് സുനിൽകുമാർ , നിജി വത്സൻ , വൃന്ദ കുമാരി കെ, ജിനി സതീശൻ, സരിത സുരേഷ്, നിഖിത അനൂപ്, സേവിയർ ആളു കാരൻ, മനീഷ മനീഷ്, മണി സജയൻ, നിത അർജുനൻ എന്നിവർ ആശംസകൾ അർപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത് സ്വാഗതവും പഞ്ചായത്ത് അംഗം ശ്രീജിത്ത് പട്ടത്ത് നന്ദിയും പറഞ്ഞു. നൂറ് ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെട്ട സേവാഗ്രാം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഡിസംബർ 13ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.

Advertisement