Home NEWS സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉത്‌പാദന യൂണിറ്റുകൾ അഭികാമ്യം – മന്ത്രി ആർ. ബിന്ദുക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോൺഗ്രസിന്...

സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉത്‌പാദന യൂണിറ്റുകൾ അഭികാമ്യം – മന്ത്രി ആർ. ബിന്ദുക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോൺഗ്രസിന് ഉജ്ജ്വല തുടക്കം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന പ്രഥമ അന്താരാഷ്ട്ര കോൺഫറൻസ് “ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോൺഗ്രസ് – 2021” ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്‌ഘാടനം ചെയ്തു. പ്രൊഫഷണൽ വിദ്യാഭ്യാസവും എഞ്ചിനീയറിംഗ് വ്യവസായ മേഖലയും കൈകോർത്ത് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉത്‌പാദന യൂണിറ്റുകളുടെ അനിവാര്യതയും ഉദ്‌ഘാടന പ്രസംഗത്തിൽ മന്ത്രി സൂചിപ്പിച്ചു.ഡോ. രാജശ്രീ എം. എസ് (വൈസ് ചാൻസലർ, എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി) മുഖ്യപ്രഭാഷണം നടത്തി. ആഗോളതലത്തിൽ സമർത്ഥരും തദ്ദേശീയമായ സേവനങ്ങൾ ചെയ്യുവാൻ പ്രാപ്തരുമായ എഞ്ചിനിയർമാർ രൂപപ്പെടേണ്ടതിന്റെ ആവശ്യകതയെ പറ്റി മുഖ്യ പ്രഭാഷണത്തിൽ ഡോ. രാജശ്രീ സംസാരിച്ചു.വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി ഒട്ടേറെ ആശയങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന ഈ സമ്മേളനം നാളത്തെ വെല്ലുവിളികളെ നേരിടാൻ വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നു ഡോ. കാർസ്റ്റൻ എസ്. സ്ക്റോഡർ (സി. ഇ. ഒ., ദി ജർമ്മൻ അക്കാദമി ഫോർ ഡിജിറ്റൽ എഡ്യൂക്കേഷൻ, ജർമ്മനി) അഭിപ്രായപ്പെട്ടു. “ബ്ലെൻഡഡ് ലേർണിംഗ്” വിദ്യാഭ്യാസ രീതിയെപ്പറ്റി അദ്ദേഹം സംസാരിച്ചു.ഇത്തരം വേദികൾ വിദ്യാർത്ഥികളുടെ വിജ്ഞാനവും നൈപുണ്യവും കാര്യക്ഷമതയും വർധിപ്പിക്കുവാൻ ഉപയോഗപ്രദമാവട്ടെ എന്ന് പ്രൊഫ. ഡോ. മുഹമ്മദ് അൽ സെയ്‌ദി (ഡിപ്പാർട്മെൻറ് ഓഫ് എഞ്ചിനീയറിംഗ്, കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ഒമാൻ) ആശംസിച്ചു.കോവിഡ് അനന്തര കാലഘട്ടത്തിൽ തൊഴിൽ മേഖലയിലെ ഉന്നമനത്തിനായി വെല്ലുവിളികളെയെല്ലാം സാധ്യതകളാക്കി മാറ്റുന്നതെങ്ങനെ എന്നതിനെ പറ്റിയുള്ള പാനൽ ചർച്ച സംഘടിപ്പിച്ചു.ഡോ. ജ്യോതി എസ്.എൻ. (പ്രിൻസിപ്പൽ, അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗ്), ഡോ. മധുകുമാർ എസ്. ഡി. (ഡീൻ-സ്റ്റുഡൻറ് വെൽഫെയർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റ്), ഫാ. ഡോ. ജോസ് കുറിയേടത്ത് (ഡയറക്ടർ, രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, കൊച്ചി), ഡോ. വി. ഡി. ജോൺ (വൈസ് പ്രിൻസിപ്പൽ, ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, ഇരിഞ്ഞാലക്കുട) തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.സിവിൽ, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ എന്നിങ്ങനെ അഞ്ചു എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി 400-ഇൽ പരം പേപ്പർ അവതരണങ്ങൾ ഈ കോൺഫറൻസിൽ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കും. പതിനൊന്നോളം രാജ്യങ്ങളിൽ നിന്നുള്ള 76 വിദഗ്‌ദ്ധർ പ്രഭാഷണങ്ങളിലും പാനൽ ചർച്ചകളിലുമായി അണിനിരക്കുന്ന കോൺഫറൻസ് ജൂലൈ 13 മുതൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്നതാണ്.കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ , ജോ. ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളി, വൈസ് പ്രിൻസിപ്പൽ ഡോ. വി. ഡി. ജോൺ, കൺവീനർമാരായ ഡോ. എ. എൻ. രവിശങ്കർ, ഡോ. അരുൺ അഗസ്റ്റിൻ, മറ്റു അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി ഒട്ടനവധി പേർ സന്നിഹിതരായിരുന്നു.

Exit mobile version