പച്ചതുരുത്തിൽ ഔഷധത്തോട്ടം നിർമ്മിച്ച് മുരിയാട് പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാഘോഷം

89

മുരിയാട്: ഗ്രാമപഞ്ചായത്തിൽ വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ പരിസ്ഥിതി ദിനം ആഘോഷിച്ചത്. കേരള സർക്കാരിന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി രണ്ടുവർഷം മുൻപ് ആനന്ദപുരം രണ്ടാം വാർഡിൽ ഏകദേശം 40 സെന്റ് സ്ഥലത്ത് വിവിധ തരത്തിലുള്ള ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിച്ചിരുന്നു. ആ ഫലവൃക്ഷതൈകൾ വച്ചുപിടിപ്പിച്ച പച്ചതുരുത്തിൽ പുതിയ ഒരു ഔഷധത്തോട്ടം നിർമിച്ചുകൊണ്ടാണ് ഇത്തവണ ഗ്രാമപഞ്ചായത്ത് പരിസ്ഥിതി ദിന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ലളിതമായ പരിപാടികളോടെയാണ് പച്ചത്തുരുത്തിലെ ഔഷധത്തോട്ട നിർമാണത്തിന് പഞ്ചായത്ത്‌ തുടക്കം കുറിച്ചിരിക്കുന്നത്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളി പച്ചത്തുരുത്തിലെ ഔഷധസസ്യത്തോട്ടം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഷീജ ശിവൻ,പഞ്ചായത്ത്‌ അംഗങ്ങളായ നിജി വത്സൻ, എ എസ് സുനിൽകുമാർ, വൃന്ദകുമാരി, നിത അർജുനൻ, പഞ്ചായത്ത്‌ സെക്രട്ടറി പി പ്രജീഷ്, തൊഴിലുറപ്പ് വി ഇ ഒ ശ്രീരേഖ, മുൻപഞ്ചായത്ത് മെമ്പർ പി വി വത്സൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പഞ്ചായത്തിലെ എൻ ആർ ഇ ജി വിഭാഗമാണ് പദ്ധതിക്ക് നേതൃത്വം നൽകിയത്.

Advertisement