സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ രേഖ നൽകും – മന്ത്രി ഡോ ആർ ബിന്ദു

35

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും സവിശേഷ തിരിച്ചറിയൽ രേഖ (UDID) നൽകുന്നതിനുള്ള പരിപാടിക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി. തിരിച്ചറിയൽ രേഖ നൽകുന്നതുമായി ബന്ധപ്പെട്ട് കല്ലേറ്റുംകര നിപ്മറിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്തു. ഇതുമായി ബന്ധപ്പെട്ട നിലവിലെ തടസങ്ങൾ മാറ്റുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഡിസബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്ന പ്രക്രിയ ത്വരിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സവിശേഷ തിരിച്ചറിയൽ രേഖ നൽകുന്നതിനുള്ള വിശദമായ കർമ്മ പദ്ധതിക്ക് യോഗം രൂപം നൽകി. മുന്നൊരുക്കം എന്ന നിലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഏപ്രിൽ 21ന് മുൻപായി ചേരും. തുടർന്ന് വിവരശേഖരണത്തിനാവിശ്യമായ സോഫ്റ്റ്‌വെയർ പരിചയപെടുത്തുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടി ഏപ്രിൽ 21, 22 തിയ്യതികളിലായി വിവിധ പഞ്ചായത്തുകളിൽ നടക്കും. ജനപ്രതിനിധികൾ, അങ്കണവാടി, ആശാവർക്കർ എന്നിവരുടെ നേതൃത്വത്തിൽ ഏപ്രിൽ 29 -ന് മുൻപായി ഭവന സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കും. ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്ത് ഇതിനകം ഡിസബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാത്തവർക്ക് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും. യോഗത്തിൽ ജില്ലാ കലക്ടർ ഹരിത.വി കുമാർ, എസ്ജെഡി സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ സഹീറുദ്ധീൻ, നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി.ചന്ദ്രബാബു, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഹസ്‌കർഷ, ജില്ലാ ശിശുവികസന ഓഫീസർ മീര, ഡി എം ഒ പ്രതിനിധി ഡോ കാവ്യ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Advertisement