ഇരിങ്ങാലക്കുട :പാരിസ്ഥിതിക പ്രശ്നങ്ങളും വംശനാശ ഭീഷണിയുടെയും വാർത്തകൾക്കിടയിൽ പ്രതീക്ഷയുടെ ഒരു പുൽനാമ്പ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ. എൽ.) ഗവേഷക സംഘം വലചിറകൻ (Neuroptera) വിഭാഗത്തിലെ പുതിയ ഒരു സ്പീഷിസിനെ പാലക്കാട് ജില്ലയിൽ നിന്നും കണ്ടെത്തി. ഹരിത ലോല വലചിറകൻ (Chrysopidae, Green lacewing) വിഭാഗത്തിലെ പുതിയ സ്പീഷീസ് ആയ ഇതിന് “ജോഗുന യൂണിമാക്കുലേറ്റ” എന്നാണ് പേരിട്ടിരിക്കുന്നത്. അന്താരാഷ്ട്ര ശാസ്ത്ര മാസികയായ “സൂടാക്സ”യിലാണ് ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജന്തുശാസ്ത്ര വിഭാഗം ഗവേഷകനായ ടി.ബി സൂര്യനാരായണൻ, അസിസ്റ്റൻ്റ് പ്രൊഫസറും ഗവേഷണ മേധാവിയുമായ ഡോ ബിജോയ്, കാലിഫോർണിയ ഫുഡ് ആൻഡ് അഗ്രികൽച്ചർ വിഭാഗത്തിലെ പ്രൊഫ. ഷോൺ വിൻ്റർട്ടൻ എന്നിവരടങ്ങിയ ടീമാണ് ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത്. ലോകത്തിലെ തന്നെ ആറാമത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും മാത്രം ജോഗുന വലചിറകൻ ഇനം ആണ് ഈ സംഘം കണ്ടെത്തിയത്. 57 വർഷത്തിന് ശേഷം ആണ് ഈ വിഭാഗത്തിലെ പുതിയ സ്പീഷീസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൃഷിയിടങ്ങളിൽ ജൈവ കീടനിയന്ത്രണത്തിന് സഹായിക്കുന്ന ഈ വിഭാഗത്തിലെ പുതിയ സ്പീഷീസിൻ്റെ കണ്ടെത്തൽ ഈ മേഖലയിൽ കൂടുതൽ ഗവേഷണങ്ങൾക്ക് വിരൽ ചൂണ്ടുന്നു. ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിൽ (എസ്. ഇ. ആർ. എൽ.) ഇത്തരം ജീവികളുടെ ഗവേഷണത്തിനായി പ്രേത്യേക ഊന്നൽ നൽകുന്നുണ്ട്.
ആറു പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ നിന്നും പുതിയ ഇനം ഹരിത ലോല വലചിറകൻ
Advertisement