പുതിയ ഡോക്ടര്‍ വേണമെന്ന ആവശ്യം ഉയര്‍ന്ന കാട്ടൂര്‍ ഗവ. ആശുപത്രിയിലെ സൂപ്രണ്ട് സ്ഥലം മാറിപോയി

417

കാട്ടൂര്‍ : ഗവ. ആശുപത്രിയില്‍ പുതിയ ഡോക്ടറടക്കം കൂടുതല്‍ ജീവനക്കാരെ നിയമിച്ച് കിടത്തി ചികില്‍സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി
ജനകീയ സംരക്ഷണ സമിതിയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമരം ശക്തമാക്കുന്നതിനിടെ ആശുപത്രിയിലെ സൂപ്രണ്ട് സ്ഥലം മാറി പോയി. കഴിഞ്ഞ
മൂന്നിനാണ് സൂപ്രണ്ട് സ്ഥലം മാറി പോയത്. നിലവില്‍ രണ്ട് ജീവനക്കാര്‍ക്ക് കൂടി സ്ഥലമാറ്റത്തിനായി കരട് ലിസ്റ്റ് വന്നതായി ജനകീയ സരംക്ഷണസമിതി പ്രവര്‍ത്തകര്‍ പറയുന്നു. കൂടുതല്‍ ഡോക്ടര്‍മാരടക്കമുളളവരെ ആവശ്യപ്പെടുമ്പോള്‍ നിലവില്‍ ഉള്ളവരെ ഇല്ലാതാക്കുന്ന നടപടിയാണ് ബ്ലോക്ക് പഞ്ചായത്തും സര്‍ക്കാറും സ്വീകരിക്കുന്നതെന്ന് സമിതി കുറ്റപ്പെടുത്തി. മൂന്ന് സ്ഥിരം ഡോക്ടര്‍മാരും ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം വരുന്ന ഒരു ഡോക്ടറുമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. സൂപ്രണ്ട് സ്ഥലം മാറി പോയതോടെ സ്ഥിരം ഡോക്ടറുടെ എണ്ണം രണ്ടായി കുറഞ്ഞു. വൈകിട്ട് ആറ് വരെ ഒപി നീട്ടുമെന്ന
പ്രഖ്യാപിച്ചെങ്കിലും ഒരു ദിവസം മാത്രമേ ആറ് വരെ ഒപി പ്രവര്‍ത്തിച്ചിരുന്നുള്ളൂ. ഇന്നലെ ഒപിയില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. 153 രോഗികളാണ് ആശുപത്രിയില്‍ എത്തിയത്. മണിക്കൂറുകള്‍ കാത്തിരുന്നാണ് പലരും ഡോക്ടറെ കണ്ടത്. ഉച്ചക്ക് രണ്ടിന് ഒപി അവസാനിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആശുപത്രിയില്‍ കഴിഞ്ഞ ഒന്നിന് നവീകരിച്ച ഓപ്പറേഷന്‍ തിയറ്റര്‍ അടക്കമുള്ളവയുടെ ഉദ്ഘാടനം നടന്നിരുന്നു. എന്നാല്‍ കിടത്തി ചികില്‍സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമായതോടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ബ്ലോക്ക് പഞ്ചായത്ത് ഉദ്ഘാടന മാമാങ്കം നടത്തിയതെന്നും ആശുപത്രി സൂപ്രണ്ടിന്റെ സ്ഥലമാറ്റം 31ന് തന്നെ അറിഞ്ഞിരുന്നെങ്കിലും അധികാരികള്‍ മറച്ചു വയ്ക്കുകയാണെന്നും കിടത്തി ചികില്‍സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള സമരപരിപാടികള്‍ വരും ദിവസങ്ങളില്‍ ശക്തമാക്കുമെന്നും ആശുപത്രി ജനകീയ സംരക്ഷണ സമിതി പ്രസിഡന്റ് ജോമോന്‍ വലിയവീട്ടില്‍ മുന്നറിയിപ്പ് നല്‍കി.

 

Advertisement