ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികള്‍ക്കായി 5.62 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ

71

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികള്‍ക്കായി 5.62 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പില്‍ നിന്നും 3 കോടി രൂപയുടെയും നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്ന് 2.37 കോടി രൂപയുടെയും, എം. എല്‍. എ — പ്രേത്യേക വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയുടെയും ഭരണാനുമതികളാണ് ലഭിച്ചിട്ടുള്ളത്. ആളൂര്‍ പി. ഏച്ച്. സി. യുടെ ഒന്നാം നിലയുടെയും രണ്ടാം നിലയുടെയും നിര്‍മ്മാണത്തിനായി 3 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് അനുവദിച്ചിട്ടുള്ളത്. നിയോജക മണ്ഡലതല ആസ്തി വികസന പദ്ധതിയില്‍ നിന്നും നടവരമ്പ് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിനായി 1.32 കോടിയുടെയും, കാട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ ഹോമിയോ ആശുപത്രി കെട്ടിട നിര്‍മ്മാണത്തിനായി 25 ലക്ഷം രൂപയുടെയും, ഇരിഞ്ഞാലക്കുട നഗരസഭയിലെ കെ. എസ്. ഇ. ബി. നമ്പര്‍ 2 സെക്ഷന്‍ കെട്ടിട നിര്‍മ്മാണത്തിനായി 40 ലക്ഷം രൂപയുടെയും, മുരിയാട് ഗ്രാമ പഞ്ചായത്തിലെ 91-ാം നമ്പര്‍ അംഗന്‍വാടി കെട്ടിട നിര്‍മ്മാണത്തിനായി 15 ലക്ഷം രൂപയുടെയും, കാറളം ഗ്രാമ പഞ്ചായത്തിലെ പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നില നിര്‍മ്മാണത്തിനായി 25 ലക്ഷം രൂപയുടെയുമാണ് അനുമതി ലഭിച്ചിട്ടുള്ളത്. കല്ലേറ്റുംകര എന്‍. ഐ. പി. എം. ആറിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യത്തിന് വേണ്ടി പ്രേത്യേക വാഹനം വാങ്ങിക്കുന്നതിനായി എം. എല്‍. എ യുടെ പ്രേത്യേക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപയുടെ അനുമതിയുമാണ് ലഭിച്ചിട്ടുള്ളത്. പ്രസ്തുത പ്രവര്‍ത്തികളില്‍ ആളൂര്‍ പി. ഏച്ച്. സി യുടെ നിര്‍വഹണം പൊതുമരാമത്ത് കെട്ടിട വിഭാഗം വഴിയും, നടവരമ്പ് ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണം കൈറ്റ് പ്രൊജക്റ്റ് മാനേജര്‍ വഴിയും കാട്ടൂര്‍ ഹോമിയോ ആശുപത്രി, കെ. എസ്. ഇ. ബി. നമ്പര്‍ 2 സെക്ഷന്‍ കെട്ടിടം, പുല്ലൂര്‍ 91– ാം നമ്പര്‍ അംഗന്‍വാടി കെട്ടിടം, പുല്ലത്തറ കുടുംബാരോഗ്യ കേന്ദ്രം ഒന്നാം നില നിര്‍മ്മാണം എന്നിവയുടെ നിര്‍വ്വഹണം എല്‍. എസ്. ജി. ഡി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വഴിയും, കല്ലേറ്റുംകര എന്‍. ഐ. പി. എം. ആറിലെ വാഹനം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വഴിയുമായിരിക്കുമെന്നും ഈ പ്രവര്‍ത്തികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും എം. എല്‍. എ പറഞ്ഞു.

Advertisement