കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയിൽ വൻ കവർച്ച:മൂന്നര കിലോ സ്വർണാഭരണങ്ങൾ കവർന്നു

98
Advertisement

മൂന്നുപീടിക തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് മോഷണം നടന്നത്. രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലിമാണ് മോഷണം വിവരം ആദ്യം അറിയുന്നത്. ജ്വല്ലറിയുടെ ഒരു വശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. ജ്വല്ലറിക്കകത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ജ്വല്ലറി ഉടമ സലിമും, ഒരു ജീവനക്കാരനും മാത്രമാണ് കടയിലുണ്ടാകാറുള്ളത്. ഇന്നലെ രാത്രി 9 മണിക്കാണ് ജ്വല്ലറി പൂട്ടി പോയത്. മോഷണം നടത്തിയതിന് ശേഷം ജ്വല്ലറിക്കകത്ത് മോഷ്ടാക്കൾ തെളിവുകൾ നശിപ്പിക്കുന്നതിനായി മുളക് പൊടി വിതറിയിട്ടുണ്ട്. ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ വലത് വശം പുല്ലുകൾ നിറഞ്ഞ് കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്. ഈ ഭാഗത്ത് കൂടെയാണ് മോഷ്ടാക്കൾ എത്തി ഭിത്തി തുരന്നിട്ടുള്ളത്. ഏകദേശം രണ്ടടിയോളം വലുപ്പത്തിലാണ് ഭിത്തി തുരന്നിരിക്കുന്നത്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Advertisement