കാട്ടൂർ പഞ്ചായത്തിലെ മാർക്കറ്റും വ്യാപാരസ്ഥാപനങ്ങളും അണുവിമുക്തമാക്കി

113

കാട്ടൂർ :കോവിഡ് 19 മൂന്നാം ഘട്ട പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കാട്ടൂർ പഞ്ചായത്തിലെ മാർക്കറ്റും വ്യാപാരസ്ഥാനങ്ങളും അണുവിമുക്തമാക്കി.പെട്രോൾ ബങ്കിന് സമീപം സ്ഥിതി ചെയ്യുന്ന റൈറ്റ് വേ ഹോട്ടൽ മുതൽ ഫസീല കോംപ്ലെക്സ് വരെയും പടിഞ്ഞാറ് കനോലി കനാൽ വരെയുള്ള കടകളും പരിസര പ്രദേശങ്ങളുമാണ് അണുവിമുക്തമാക്കിയത്.സമീപ പ്രദേശങ്ങൾ കണ്ടൈന്മെന്റ് സോണുകൾ ആയ സാഹചര്യത്തിൽ വ്യാപന സാധ്യത മുൻനിർത്തി ബസാർ പരിസരങ്ങളിലെ എല്ലാ കടകളും ആഴ്ചയിൽ ഒരു ദിവസം സമ്പൂർണ്ണമായി അടച്ചിടുന്നതിനും അണുവിമുക്തമാക്കുന്നതിനും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.പോസ്റ്റോഫീസ്, ബാങ്കുകൾ,മെഡിക്കൽ സ്റ്റോറുകൾ, എടിഎം കൗണ്ടറുകൾ,പെട്രോൾ ബങ്ക്,പോലീസ് സ്റ്റേഷൻ തുടങ്ങിയ അവശ്യ സർവീസ് സ്ഥാപനങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിരുന്നു.ഈ സ്ഥാപനങ്ങൾ അവരുടെ മേലധികാരികളുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് എന്ന് പ്രസിഡന്റ് ടി.കെ.രമേഷ് അറിയിച്ചു.കാട്ടൂരിൽ നിലവിൽ കോവിഡ് വർദ്ധനവ് ഇല്ലെങ്കിലും പരിപൂർണ്ണമായി സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടുള്ള മുൻകരുതൽ എന്ന നിലക്കാണ് ഇത്തരം നടപടികൾ കൈകൊണ്ടിട്ടുള്ളത്. മറ്റിടങ്ങളിലെ കണ്ടൈന്മെന്റ് സോണുകൾ പൂർവ്വ സ്ഥിതിയിലായി വ്യാപനത്തിന്റെ തോത് കുറയുന്നതുവരെ ഇത് തുടരാൻ ആണ് തീരുമാനം എന്നും അദ്ദേഹം അറിയിച്ചു.ഇതിനോട് വ്യാപാരികളും പൊതുജനങ്ങളും സഹകരണപരമായ നിലപാടാണ് കൈകൊണ്ടിട്ടുള്ളത് എന്നും തുടർന്നും ഈ സഹകരണം ഉണ്ടാകണം എന്നും പ്രസിഡന്റ് അഭ്യർത്ഥിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ്, ആരോഗ്യ വകുപ്പ് ഇൻസ്‌പെക്ടർ ഉമേഷ്,ജൂനിയർ ഇൻസ്‌പെക്ടർ രതീഷ്, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement