‘ആരോഗ്യരക്ഷയ്ക്ക് മാലിന്യ മുക്തപരിസരം’ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

73

ഇരിങ്ങാലക്കുട: കൊതുക്,ജലജന്യരോഗങ്ങൾ തടയുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘ആരോഗ്യരക്ഷയ്ക്ക് മാലിന്യ മുക്തപരിസരം’ ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ നഗരസഭാ തല ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ നിമ്യ ഷിജു ടൗൺഹാൾ പരിസരം വൃത്തിയാക്കി കൊണ്ട് ഉദ്ഘാടനം ചെയ്തു.ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എ. അബ്ദുൾ ബഷീർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മീനാക്ഷി ജോഷി, വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ , പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ , വാർഡ് കൗൺസിലർ സോണിയ ഗിരി എന്നിവർ ആശംസകളർപ്പിച്ചു. മുനിസിപ്പൽ സെക്രട്ടറി കെ.എസ്. അരുൺ സ്വാഗതവും ഹെൽത്ത് സൂപ്രവൈസർ പി.ആർ. സ്റ്റാൻലി നന്ദിയും രേഖപ്പെടുത്തി. പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബേബി. എസ്, അനിൽ. കെ.ജി., രാജൻ. പി.എം. എന്നിവർ നേതൃത്വം നൽകി.വീടുകൾ ,സ്ഥാപനങ്ങൾ എന്നിവയുടെ പരിസരങ്ങളിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുന്നതിന് പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ചെയർപേഴ്സൺ പൊതു ജനങ്ങളോട് ആഹ്വാനം ചെയ്തു.ജൂൺ 30 നും ജൂലൈ 6 നും പൊതു സ്ഥലങ്ങൾ പൊതുജന പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതാണ്. സന്നദ്ധ സംഘടനകളുടെ സഹകരണം ഈ വിഷയത്തിൽ ഉണ്ടാവണമെന്നും ചെയർ പേഴ്സൺ അഭ്യർത്ഥിച്ചു.ജൂൺ 31 നും ജൂലൈ 7 നും നഗരസഭ പ്രദേശത്തെ മുഴുവൻ വീടുകളും പരിസരങ്ങളും ശുചീകരിക്കേണ്ടതാണ്.കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവർ ഈ വിഷയത്തിൽ പ്രത്യേകം താത്പര്യമെടുത്ത് പ്രവർത്തിക്കേണ്ടതാണ്.പ്രളയവും, കോവിഡും അതിജീവിക്കാൻ നമുക്ക് കഴിയും, അതോടൊപ്പം കൊതുക് / ജലജന്യരോഗങ്ങളേയും നമുക്ക് പ്രതിരോധിക്കാൻ കഴിയണം. നഗരപ്രദേശത്തെ ഓരോ വ്യക്തികളും നഗരസഭയോടൊപ്പം ശുചിത്വാരോഗ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് ചെയർപേഴ്സൺ നിമ്യ ഷിജു പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Advertisement