പ്രവാസികളുടെ മടങ്ങിവരവ്: 45000 ലേറെ പേർ എത്തുമെന്ന് പ്രതീക്ഷ

189

തൃശ്ശൂർ:ലോക്ക് ഡൗൺ പൂർത്തിയാകുമ്പോൾ തൃശൂർ ജില്ലയിലേക്ക് 45036 പ്രവാസികൾ മടങ്ങിയെത്തുമെന്ന് പ്രാഥമിക കണക്ക്. തിരികെ എത്തുന്ന പ്രവാസി മലയാളികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് സംഘടിപ്പിച്ച വാർഡ്തല സർവെ പൂർത്തിയായതിന് ശേഷം നടത്തിയ അവലോകനത്തിലാണ് ഈ അനുമാനം. നഗരസഭകളിലും പഞ്ചായത്തുകളിലും റാപ്പിഡ് റസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് സർവെ നടത്തിയത്. ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നിർദ്ദേശപ്രകാരം പൂർത്തിയാക്കിയ സർവേ പ്രകാരം 45036 പ്രവാസികൾ തിരികെ ജില്ലയിലെത്തും. തൃശൂർ കോർപ്പറേഷൻ പരിധിയിൽ 271 പേരും 7 നഗരസഭകളിലായി 5463 പേരും 86 ഗ്രാമപഞ്ചായത്തുകളിലായി 39302 പേരും മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ 33642 പേർക്ക് അവരവരുടെ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുന്നതിനുളള സൗകര്യമുണ്ട്. അവശേഷിക്കുന്ന 11394 പേരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുളള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുളള ഒരുക്കങ്ങളിലാണ് ജില്ലാ ഭരണകൂടം. കോവിഡ് കെയർ സെന്ററുകൾ ഒരുക്കുന്ന പ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. ജില്ലാ നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (അപ്പ്‌ലേറ്റ് അതോറിറ്റി) കെ മധുവിന്റെ നേതൃത്വത്തിലാണ് സർവെ നടപടികൾ പൂർത്തിയാക്കിയത്.

Advertisement