കെ.എസ്.ഇ.ബി മാർച്ച് 31 വരെ മീറ്റർ റീഡിങ് ഉണ്ടായിരിക്കുന്നതല്ല. വൈദ്യുതബില്‍ അടയ്ക്കുന്നതിനു ഉപഭോക്താക്കള്‍ക്ക് ഒരുമാസത്തെ സാവകാശം

305
Advertisement

ഇരിങ്ങാലക്കുട :കോവിഡ്-19 വ്യാപനം ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വിവിധ ഉപഭോക്തൃ സേവനങ്ങള്‍ തടസ്സരഹിതമായി എത്തിക്കുന്നതിനുള്ള നടപടികള്‍ കെ.എസ്.ഇ.ബി സ്വീകരിച്ചു .യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ സെക്ഷന്‍ ഓഫീസില്‍ നിന്ന് ലഭ്യമായിരുന്ന സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കുന്നതിന് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.വൈദ്യതി സംബന്ധമായ പരാതികള്‍ സീകരിക്കുന്നതിനും, സംശയനിവാരണത്തിനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കോള്‍ സെന്ററിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിച്ചിട്ടുണ്ട്.സര്‍ക്കാര്‍ തീരുമാനപ്രകാരം വൈദ്യുതബില്‍ അടയ്ക്കുന്നതിനു ഉപഭോക്താക്കള്‍ക്ക് ഒരുമാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവില്‍ കുടിശികയ്ക്ക് പിഴപ്പലിശ ഒഴിവാക്കും.പൊതുജനസമ്പര്‍ക്കം പരമാവധി കുറച്ച് രോഗവ്യാപനം തടയുന്നതിനായി ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിംഗ് രേഖപ്പെടുത്തുന്ന പ്രവൃത്തികള്‍ മാര്‍ച്ച് 31 വരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ശരാശരി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിലാകും ബില്‍ തയാറാക്കുക. ബില്‍തുക സംബന്ധിച്ച അറിയിപ്പ് എസ്.എം.എസ്, ഇമെയില്‍ സംവിധാനങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതാണ്.കൂടാതെ, വൈദ്യുതി ചാര്‍ജ്ജ് ഒടുക്കുന്നതിനു ഉപഭോക്താവ് ഓഫീസില്‍ എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ക്യാഷ് കൗണ്ടര്‍ മുഖേന ബില്‍തുക സ്വീകരിക്കേണ്ടതില്ല എന്നും തീരുമാനിച്ചിട്ടുണ്ട്, എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെ പണം അടയ്ക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.സ്വയം വെളിപ്പെടുത്തലിലൂടെ കണക്ടഡ് ലോഡ് ക്രമപ്പെടുത്തുന്നതിനു മാര്‍ച്ച് 31 വരെ അനുവദിച്ചിരുന്ന സമയപരിധിയും ജൂണ്‍ മാസം 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളിലും, ഐസൊലേഷന്‍ കേന്ദ്രങ്ങളിലും, ആശുപത്രികളിലും അനുസ്യൂതം വൈദ്യുതി ലഭ്യമാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കിവരുന്നു. വൈദ്യുതിചാര്‍ജ്ജ് ഒടുക്കാത്തതിനെ തുടര്‍ന്ന് കണക്ഷന്‍ വിച്ഛേദിച്ചിരുന്ന കെട്ടിടങ്ങളില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചതിനെ തുടര്‍ന്ന് വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.സാമൂഹ്യവ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ തീരുമാനപ്രകാരം കെ.എസ്.ഇ.ബി ഓഫീസുകളിലും ദിവസേന ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം പകുതിയായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് തടസ്സരഹിതമായ വൈദ്യുതി വിതരണത്തെ ബാധിക്കാതിരിക്കുന്നതിനായി ഷിഫ്റ്റ്‌ അടിസ്ഥാനത്തില്‍ ജീവനക്കാരെ പുനര്‍വിന്യസിച്ചിട്ടുണ്ട്.ഈ സാഹചര്യത്തില്‍ വൈദ്യുതി തടസ്സം പരിഹരിക്കുക, ക്വാറന്റൈന്‍, ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും പുതിയ കണക്ഷന്‍ നല്‍കുക, അപകട സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നിവ ഒഴികെ മറ്റ് എല്ലാ സേവനങ്ങളും മാര്‍ച്ച് 31 വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കെ.എസ്.ഇ.ബി നിര്‍ബന്ധിതമായിരിക്കുകയാണ്.പൊതുജനങ്ങള്‍ ഈ ക്രമീകരണങ്ങളുമായി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ത്ഥിച്ചു.

Advertisement