മറിയം ത്രേസ്യ ഒക്ടോ. 13ന് വിശുദ്ധപദവിയില്‍

405
Advertisement

ഇരിങ്ങാലക്കുട : വിശ്വാസികളുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ കാത്തിരിപ്പുകള്‍ സഫലം- വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപനം ഒക്ടോബര്‍ 13ന്. ഫ്രാന്‍സിസ് പാപ്പയുടെ അധ്യക്ഷതയില്‍ ഇന്ന് വത്തിക്കാനില്‍ സമ്മേളിച്ച കര്‍ദിനാള്‍ സംഘത്തിന്റെ കണ്‍സിസ്റ്ററിയിലാണ് തിയതി പ്രഖ്യാപിച്ചത്. ഭാരതസഭയില്‍നിന്നുള്ള ആറാമത്തെ വിശുദ്ധയായിരിക്കും മദര്‍ മറിയം ത്രേസ്യ. കര്‍ദിനാള്‍ ഹെന്‍ട്രി ന്യൂമാന്‍ ഉള്‍പ്പെടെ മറ്റ് നാല് വാഴ്ത്തപ്പെട്ടവരുടെ വിശുദ്ധപദവി പ്രഖ്യാപനവും ഒക്ടോബര്‍ 13ന് നടക്കും.കേരളത്തിലെ തിരുക്കുടുംബ സന്ന്യാസിനീ സമൂഹത്തിന്റെ സ്ഥാപകയാണ് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ. 1876ല്‍ തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയിലായിരുന്നു ജനനം. 1926ല്‍ കുഴിക്കാട്ടുശേരിയില്‍ മരണമടയുകയും ചെയ്തു. വാഴ്ത്തപ്പെട്ട കര്‍ദിനാള്‍ ന്യൂമാന്‍ ആഗോളതലത്തില്‍ അറിയപ്പെട്ട പ്രഭാഷകനും ആത്മീയാചാര്യനും, ദൈവശാസ്ത്രപണ്ഡിതനും കവിയുമാണ്.ആംഗ്ലിക്കന്‍ സഭയില്‍ നിന്നും കത്തോലിക്ക സഭയിലേയ്ക്ക് എത്തിയ ഇദ്ദേഹത്തിന്റെ ജീവിതം ഇംഗ്ലണ്ടിന്റെ മതചരിത്രത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്. ഫിലിപ്പ് നേരിയുടെ നാമത്തിലുള്ള ഇംഗ്ലണ്ടിലെ ഓറട്ടറിയുടെ സ്ഥാപകനായിട്ടും അദ്ദേഹം അറിയപ്പെടാറുണ്ട്. 1801ല്‍ ലണ്ടനില്‍ ജനിച്ച അദ്ദേഹം 1890ല്‍ എഡ്ജ്ബാസ്റ്റണിലാണ് അന്തരിച്ചത്.കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി മിഷ്ണറി സിസ്റ്റേഴ്‌സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ഓഫ് ദി മദര്‍ ഓഫ് ഗോഡ് സ്ഥാപക ഡല്‍സ് ലോപേസ്, സ്വിറ്റ്‌സര്‍ലണ്ടില്‍ നിന്നുള്ള ഫ്രാന്‍സിസ് അസീസ്സിയുടെ മൂന്നാം സഭാംഗമായ മാര്‍ഗിരിറ്റ ബേയ്‌സ്, സെന്റ് കാമ്മില്ലസിന്റെ മക്കള്‍ എന്ന സന്യസ്ഥ സമൂഹത്തിന്റെ സ്ഥാപക ജിയൂസെപ്പിന വന്നിനി എന്നിവരാണ് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന മറ്റുള്ളവര്‍.

 

Advertisement