നവരസ ശില്‍പ്പശാലയില്‍ കംസവധം നങ്ങ്യാര്‍കൂത്ത്

197
Advertisement

ഇരിങ്ങാലക്കുട : നടനകൈരളിയില്‍ മെയ് 15-ാം തിയതി മുതല്‍ നടന്നുവരുന്ന 23-ാമത് നവരസ സാധന ശില്‍പ്പശാലയുടെ ഭാഗമായി പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു മെയ് 27-ാം തിയതി വൈകുന്നേരം 6.30 ന് നടനകൈരളിയുടെ കളം രംഗവേദിയില്‍ കംസവധം നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കുന്നു. ശ്രീകൃഷ്ണനും ബലരാമനും മഥുര രാജധാനിയില്‍ എത്തിയപ്പോള്‍ വ്യത്യസ്ത ജനവിഭാഗങ്ങള്‍ അവരെ കാണുമ്പോള്‍ നവരസങ്ങളിലൂടെ പ്രതികരിക്കുന്ന അത്യന്തം നാടകീയ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി നാട്യാചാര്യന്‍ ഗുരു അമ്മന്നൂര്‍ മാധവ ചാക്യാര്‍ ചിട്ടപ്പെടുത്തിയതാണ് ഈ നങ്ങ്യാര്‍കൂത്ത്. കലാമണ്ഡലം രാജീവ്, കലാമണ്ഡലം ഹരിഹരന്‍, കലാനിലയം ഉണ്ണികൃഷ്ണന്‍, സരിത കൃഷ്ണകുമാര്‍ എന്നിവര്‍ പശ്ചാത്തല മേളം നല്‍കുന്നു. ഇന്ത്യയുടെ നാനാ ഭാഗത്തുനിന്നും ഭരതനാട്യം, ഒഡീസി, കൂച്ചിപ്പുടി, നാടകം എന്നീ മേഖലകളിലെ നടീനടന്മാരാണ് വേണുജി മുഖ്യാചാര്യനായിട്ടുള്ള ഈ ശില്‍പ്പശാലയില്‍ പഠിതാക്കളായി എത്തിയിട്ടുള്ളത്.