പുണ്യപ്രദായകമായ മാതൃക്കല്‍ ബലി ദര്‍ശനം

437
കൂടല്‍മാണിക്യം: കൂടല്‍മാണിക്യം ക്ഷേത്രം ശ്രീരാമ സഹോദരനായ ഭരതന്റെ പ്രതിഷ്ഠയാല്‍ ധന്യമാണ്. വനവാസം കഴിഞ്ഞ് തിരിച്ചെത്തുന്ന രാമനെ കാത്തിരുന്ന് നിരാശനായി അഗ്‌നിപ്രവേശത്തിനൊരുങ്ങുന്ന ഭരതന്‍. ജേഷ്ഠന്‍ ഉടന്‍ എത്തുമെന്ന ഹനുമാന്റെ സന്ദേശം കേട്ട് സന്തുഷ്ടനായിത്തീരുന്ന അവസ്ഥയിലാണ് പ്രതിഷ്ഠാമൂര്‍ത്തി. അത്യപൂര്‍വ്വമായ ചടങ്ങുകളും ആചാരാനുഷ്ഠാനങ്ങളും കൂടല്‍മാണിക്യം ഉത്സവത്തിന്റെ പ്രത്യേകതയാണ്. നാലമ്പലത്തിനുള്ളില്‍ താന്ത്രിക ചടങ്ങുകളും ക്ഷേത്രസംസ്‌കാരത്തിന് നിരക്കുന്ന കലാപരിപാടികളും മറ്റു ക്ഷേത്രോത്സവങ്ങളില്‍ നിന്ന് കൂടല്‍മാണിക്യത്തെ വ്യത്യസ്തമാക്കുന്നു. ശീവേലിക്കും വിളക്കിനും ദേവനെ ആവാഹിച്ച് എഴുന്നള്ളിക്കുന്ന സമ്പ്രദായം ഇവിടത്തെ അത്യപൂര്‍വ്വമായ സവിശേഷതയാണ്. തനി സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉള്ള നെറ്റിപ്പട്ടങ്ങളും, ശാന്തി ശുദ്ധം സംരക്ഷിക്കുന്നതിനായി തിടമ്പ് എഴുന്നള്ളിക്കുന്ന ആനയുടെ ഇരുഭാഗത്തും ഉള്ളാനകളെ നിര്‍ത്തുന്നതും ഇവിടത്തെ മാത്രം പ്രത്യേകതയാണ്. മാതൃക്കല്‍ ബലിദര്‍ശനത്തിന് മഹാക്ഷേത്രങ്ങളില്‍ നടത്തുന്ന ഉത്സവബലിയുടെ ഏകദേശ സാമ്യമുണ്ട്. മാതൃക്കല്‍ബലി അര്‍പ്പിക്കുമ്പോള്‍ ചെണ്ട, തിമില, കൊമ്പ്, കുഴല്‍ തുടങ്ങിയ വാദ്യങ്ങള്‍ രണ്ട് നേരവും ഉപയോഗിക്കാറുണ്ട്. മറ്റു ക്ഷേത്രങ്ങളില്‍ മാതൃക്കല്‍ ബലി ഭക്തജനങ്ങളെ തൊഴാന്‍ അനുവദിക്കാറില്ല. ഇവിടെ മാതൃക്കല്‍ ബലി തൊഴുന്നത് പരമപുണ്യമാണെന്നാണ് സങ്കല്‍പ്പം. ബ്രഹ്മകലശവും യഥാവിധിയുള്ള താന്ത്രിക ചടങ്ങുകളും ഉള്‍ക്കൊണ്ട്കൊണ്ടുള്ള മഹോത്സവങ്ങള്‍ ഇപ്പോള്‍ തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലും കൂടല്‍മാണിക്യം ക്ഷേത്രത്തിലും മാത്രമേ ഉള്ളൂ. തരണനെല്ലൂര്‍ തന്ത്രിമാരാണ് രണ്ട് ക്ഷേത്രങ്ങളിലേയും തന്ത്രികള്‍. ദേവന്‍ ആദ്യമായി ശ്രീകോവിലില്‍ നിന്നും പുറത്തിറങ്ങുന്ന കൊടിപ്പുറത്ത് വിളക്കിനാണ് ആദ്യം മാതൃക്കല്‍ ബലി. തുടര്‍ന്നുള്ള 8 ദിവസവും രാവിലെ 7.45നും രാത്രി 8.15നും പള്ളിവേട്ടയ്ക്കും ആറാട്ട് ദിവസവും രാവിലേയും മാതൃക്കല്‍ ബലി ഉണ്ടാകും. ആറാട്ട്നാള്‍ പ്രഭാതത്തില്‍ മംഗളവാദ്യത്തോടും ശംഖുനാദത്തോടും കൂടി പള്ളിയുണര്‍ത്തി പശുക്കുട്ടിയെ കണി കാണിച്ചതിനുശേഷം പുതിയ പട്ടുടയാടകള്‍ അ
ണിയിച്ച് തിരുവാഭരണങ്ങളും ചന്ദനവും ചാര്‍ത്തി പാണികൊട്ടി പുറത്തേക്കെഴുന്നള്ളുന്ന ഭഗവാന്‍ തന്റെ എല്ലാ പരിവാരങ്ങളോടും കൂടി ഒരു പ്രദക്ഷിണം കൊണ്ട് ശ്രീഭൂതബലി നടത്തും. മേല്‍ശാന്തി തിടമ്പ് കയ്യില്‍ പിടിച്ചാണ് പ്രദക്ഷിണം പൂര്‍ത്തിയാക്കുക. തുടര്‍ന്ന് തിടമ്പ് കോലത്തില്‍ ഉറപ്പിച്ച് പുറത്തേക്കെഴുന്നള്ളിച്ച് ആനപുറത്ത് കയറ്റി ക്ഷേത്രം പ്രദക്ഷിണം ചെയ്യും. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ സ്വാമിക്ഷേത്രം തുടങ്ങീ മിക്ക ക്ഷേത്രങ്ങളിലും നിത്യ ശീവേലിക്ക് തിടമ്പ് പുറത്തേക്കെഴുന്നള്ളിക്കുമെങ്കിലും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവകാലത്ത് മാത്രമേ ദേവനെ പുറത്തേക്കെഴുന്നള്ളിക്കാറുള്ളൂ. അതുകൊണ്ടാണ് ഇവിടെ മാതൃക്കല്‍ ദര്‍ശനത്തിന് ഇത്ര പ്രാധാന്യം.
Advertisement