വാതില്‍ മാടത്തിലെ ബ്രാഹ്മണിപ്പാട്ട്

388

ഉത്സവത്തിലെ ബ്രാഹ്മണിപ്പാട്ട് കൂടല്‍മാണിക്യം ക്ഷേത്രോത്സവ നാളുകളില്‍ ഏറെ പ്രധാനപ്പെട്ട ചടങ്ങാണ്. ക്ഷേത്രത്തിന്റെ വടക്കേ മാടത്തില്‍ ഭദ്രകാളിയും തെക്കേ മാടത്തില്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതിയും ഉണ്ടെന്നാണ് സങ്കല്‍പ്പം. ഉത്സവകാലത്ത് ക്ഷേത്രത്തിന് കാവല്‍ നില്‍ക്കുന്ന ഈ ഭഗവതിമാരാണ്  പൂജിച്ചു നിറച്ചു വച്ചിരിക്കുന്ന കലശങ്ങളെ അശുദ്ധമാക്കാതെ സൂക്ഷിക്കുന്നത് രണ്ടാം ഉത്സവം മുതല്‍ ഭഗവാന്‍  പുറത്തേക്ക് എഴുന്നള്ളുന്ന സമയത്താണ് ബ്രാഹ്മണിപ്പാട്ട് ആരംഭിക്കുന്നത്. വേളൂക്കര പട്ടത്തേയ്ക്കും തെക്കുപട്ടത്തേയ്ക്കുമാണ് ബ്രാഹ്മണി പാട്ടിന് അവകാശം. ഓട്ടുകിണ്ണത്തില്‍ കത്തികൊണ്ട് കൊട്ടിയാണ് ബ്രാഹ്മണിപ്പാട്ട് പാടുന്നത്. പിന്നീട് ഓരോ ഘട്ടമായി ചേങ്ങില, ശംഖ്, ഇലത്താളം, കൊമ്പ്, കുഴല്‍, എന്നിവയുടെ അകമ്പടിയോടെ പാടും. ഗണപതിക്കും സരസ്വതിക്കും പാടിയശേഷം ദുര്‍ഗ്ഗയ്ക്കും ഭദ്രക്കാളിക്കും ഓരോ മടവീതം പ്രത്യേകം പാടും. എല്ലാ ഉത്സവദിവസങ്ങളിലും ഭഗവാന്‍ പുറത്തേയ്ക്ക് എഴുന്നള്ളിയതിനു ശേഷം ആരംഭിക്കുന്ന ബ്രാഹ്മണിപ്പാട്ട് ഭഗവാന്‍ അകത്തേയ്ക്ക് എഴുന്നള്ളുന്നതിന് മുമ്പ് അവസാനിക്കണമെന്നണ് നിയമം. കൂടല്‍മാണിക്യത്തില്‍ ബ്രാഹ്മണിപ്പാട്ടിന് അലങ്കാരങ്ങളോ അണിയിച്ചൊരുക്കലൊ, നിവേദ്യമോ ഇല്ല. ശ്രീഭൂത ബലിക്കൊപ്പം നിവേദിക്കുകമാത്രമാണ് ചെയ്യുന്നത്. ആറാട്ട് ദിവസം പുറത്തേയ്ക്ക് എഴുന്നള്ളിയശേഷം ബ്രാഹ്മണിപ്പാട്ട് ആരംഭിക്കുമെങ്കിലും ഭഗവാന്‍ ആറാട്ടിനായി കിഴക്കെ നടപ്പുര കടക്കുന്നതിന് മുമ്പ് പാട്ട് അവസാനിക്കും.

Advertisement