ഇരിങ്ങാലക്കുട : ദൈവത്തിലുള്ള വിശ്വാസം സമര്‍പ്പിതര്‍ സ്‌നേഹപ്രവൃത്തികളിലൂടെ പ്രകടമാക്കണമെന്ന് ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. രൂപതാഭവനത്തില്‍ നടന്ന സന്യസ്ത സുപ്പീരിയര്‍മാരുടെയും സുവര്‍ണ്ണ – രജത ജൂബിലി ആഘോഷിക്കുന്ന സന്യാസിനിമാരുടെയും സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. ഫ്രാന്‍സിസ് മാര്‍ പാപ്പ സൂചിപ്പിച്ചതുപോലെ ലോകത്തിന്റെ പ്രകാശമാകാന്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നാം അന്ധകാരം പടരുന്ന ലോകത്തിന് മുന്‍പില്‍ സ്‌നേഹത്തിന്റെ ദീപനാളങ്ങളായി ഉയര്‍ത്തപ്പെടണമെന്നും ബിഷപ് ഓര്‍മ്മപ്പെടുത്തി.
രാവിലെ പ്രാര്‍ത്ഥയോടെ ആരംഭിച്ച സമര്‍പ്പിത സമ്മേളനത്തില്‍ ഈ വര്‍ഷം സമര്‍പ്പിത ജീവിതത്തില്‍ 50 ഉം 25 ഉം വര്‍ഷം പൂര്‍ത്തിയാക്കുന്നവരെ അനുമോദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു. വിവിധ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ സന്യാസിനികള്‍ക്ക് അഭിനന്ദനങ്ങള്‍ നേരുകയും മെമന്റോ നല്‍കി ആദരിക്കുകയും ചെയ്തു. സമര്‍പ്പിത ജീവിതത്തില്‍ ആദ്യവ്രതവാഗ്ദാനം ചെയ്തവരെ സ്വാഗതം ചെയ്യുകയും സമ്മാനങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. വര്‍ഗ്ഗീസ് അരിക്കാട്ട്, റവ. ഡോ. കിരണ്‍ തട്ട്‌ള, ഫാ. ജോയല്‍ ചെറുവത്തൂര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വ്യത്യസ്ത സന്യാസ സഭകളില്‍ നിന്നായി നൂറില്‍പരം സന്യാസിനികള്‍ ചടങ്ങില്‍ പങ്കെടുത്തു.
Advertisement