യാത്രക്കിടെ കളഞ്ഞു കിട്ടിയ 70000 രൂപ ഉടമസ്ഥനെ കണ്ടു പിടിച്ച് തിരികെ നല്‍കി കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ മാതൃകയാകുന്നു.

731

ഇരിങ്ങാലക്കുട : ചാലക്കുടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ ആയി സേവനമനുഷ്ഠിക്കുന്ന നെടുമ്പാള്‍ സ്വദേശി തട്ടാപറമ്പില്‍ കൊച്ചുമോന്റേയും കൂറാലിയുടേയും മകന്‍ പ്രഭാകരനാണ് ഇത്തരം പ്രവര്‍ത്തിയിലൂടെ സമൂഹത്തിന് മാതൃകയാവുന്നത്.കഴിഞ്ഞ 12 -ാം തിയതി അതിരപ്പിള്ളി സ്വദേശിയായ ഡ്രൈവര്‍ മുരളീധരനുമായി സര്‍വ്വീസ് പോകവെ ബസില്‍ അലസമായി കിടന്നിരുന്ന പഴകിയ ബാഗ് എടുത്തുവച്ച് വൈകീട്ട് പരിശോധിച്ചപ്പോള്‍ കുറേ പഴകിയ വസ്ത്രങ്ങള്‍ കണ്ടു. അതു കുടഞ്ഞു പരിശോധിച്ചപ്പോഴാണ് എഴുപതിനായിരത്തോളം രൂപ കണ്ടെത്തിയത്.ഉടനെത്തന്നെ ചാലക്കുടി ഡിപ്പോയില്‍ ഏല്‍പ്പിച്ചെങ്കിലും അതന്വേക്ഷിച്ച് ആരും എത്താത്തത് വിഷമമുണ്ടാക്കിയെന്നും തുടര്‍ന്ന് ബാഗില്‍ നിന്നു ലഭിച്ച ഐഡന്റിറ്റി കാര്‍ഡിലെ ആളെ തിരഞ്ഞുപിടിച്ചു കണ്ടെത്തി കൊണ്ടുവന്നു രൂപ ഏല്‍പ്പിക്കുകയുമായിരുന്നു.മൂവാറ്റുപുഴ കോലഞ്ചേരിയില്‍ താമസിക്കുന്ന, പാറമടയില്‍ ജോലി ചെയ്യുന്ന കുര്യന്‍ ഉതുപ്പിന്റേതായിരുന്നു ആ തുക.അദ്ദേഹം കോഴിക്കോട് അനുജന്റെ വീട്ടിലേക്ക് യാത്ര പോകുമ്പോഴാണ് തുക നഷ്ടപ്പെട്ടത്.എവിടെയാണ് തുക നഷ്ടമായത് എന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് തുക കിട്ടിയെന്നും പറഞ്ഞ് ആളെത്തുന്നത്.ചാലക്കുടി ആര്യങ്കാല ദേശത്ത് ഭാര്യ ഷൈജിയോടും മക്കളായ സോന,സാനിയ,സനല്‍ എന്നിവരോടൊപ്പം താമസിക്കുന്ന പ്രഭാകരന്‍ 20 കൊല്ലത്തോളമായി കെ.എസ്.ആര്‍.ടിസിയില്‍ സേവനമനുഷ്ഠിക്കുന്നു.ഡിസ്ട്രിക്ട് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ് തുക കൈമാറിയത്.

Advertisement