താമരകഞ്ഞി വഴിപാട്‌ ഇപ്രാവശ്യവും വിപുലമായ രീതിയില്‍ കൊണ്ടാടി.

481
Advertisement

കാലങ്ങളായി നടന്നു വരുന്ന താമരകഞ്ഞി വഴിപാട്‌ ഇപ്രാവശ്യവും വിപുലമായ രീതിയില്‍ കൊണ്ടാടി. രാവിലെ 11 മണിക്കുള്ള വഴിപാടുകള്‍ക്കു ശേഷം ക്ഷേത്രം തെക്കേ ഊട്ടുപുരയില്‍ താമരകഞ്ഞി വിതരണം ആരംഭിച്ചു. താമരകഞ്ഞി കഴിക്കുവാനായി ഭക്തജനങ്ങളുടെ വന്‍ തിരക്കാണ്‌ അനുഭവപ്പെടുന്നത്‌. ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മാത്രം തനത് സവിശേഷതകളില്‍ ഒന്നായി താമരകഞ്ഞി കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിനുമപ്പുറം എല്ലാ വര്‍ഷവും മുടങ്ങാതെ നടന്നുവന്നിരുന്നു. ക്ഷേത്രത്തിലെ പ്രധാന മാലകഴകക്കാരായ തെക്കേവാര്യത്തുകാരുടെ പൂര്‍വ്വികരില്‍ നിന്നാണ് താമരക്കഞ്ഞിയുടെ ഉത്ഭവം. താമരമാല കെട്ടുന്നവര്‍ക്കുളള കഞ്ഞി എന്ന നിലയിലാണ് താമരക്കഞ്ഞി പ്രസിദ്ധമായത്. ഇത്രയേറെ താമരയും മാലയും ഉപയോഗിക്കുന്ന ക്ഷേത്രങ്ങള്‍ വിരളമാണ് . ഏത് പ്രവര്‍ത്തിയുടെയും വിജയത്തിനും മംഗളപ്രാപ്തിക്കും ഭഗവാന് പ്രിയപ്പെട്ട താമരമാല ചാര്‍ത്തിക്കുകഎന്നത് പണ്ടേ പ്രസിദ്ധമായി അറിയപ്പെട്ടിരുന്നു. താമര സമൃദ്ധിയായി വളര്‍ത്തുന്നതിനും ക്ഷേത്രത്തില്‍ ഉപയോഗക്കുന്നതിനുമായി  ചെമ്മണ്ട എന്നസ്ഥലത്ത് ദേവസ്വത്തിന്റെ അധീനതയിലുള്ള താമരച്ചാല്‍ പ്രദേശം ക്ഷേത്രകഴകക്കാരായ തെക്കേവാര്യത്തേക്ക് അവകാശം കൊടുക്കുകയും ചെയ്തിരുന്നു. തെക്കേവാര്യത്തെ ജ്യോതിഷി ഈശ്വര വാര്യര്‍, ശങ്കരന്‍ കുട്ടി വാര്യര്‍ എന്നിവര്‍ കുറെ അമ്പലവാസികളെയും കൂട്ടി ചെന്ന് വഞ്ചിയില്‍ സഞ്ചരിച്ച് പൂക്കള്‍ പറിച്ച് തലച്ചുമടായും, സൈക്കിളിലുമാണ് ക്ഷേത്രത്തില്‍ എത്തിച്ചിരുന്നത്. ദേവപ്രീതിക്കായി അമ്പലവാസികള്‍ പ്രതിഫലേച്ഛ കൂടാതെയായിരുന്നു. ഇതൊക്കെ ചെയ്തിരുന്നത് . അതിന്റെ സ്മരണക്കായി അമ്പലവാസികള്‍ എല്ലാവരും  ഒത്തുചേരുകയും എല്ലാവരേയും സന്തോഷവന്‍മാരും സംതൃപ്തരുമാക്കി താമരക്കഞ്ഞിയും മറ്റ് വിഭവങ്ങളും ഒരുക്കി തെക്കേ ഊട്ടുപുരയില്‍ എല്ലാ വര്‍ഷവും വിഷുതലേന്ന് വിതരണംചെയ്യുകയും പതിവായിരുന്നു. കൊടുമ്പിരികൊള്ളുന്ന വേനല്‍ക്കാലത്ത് വിശപ്പിനും ദാഹത്തിനും ഉപയോഗിക്കുന്ന കഞ്ഞിയോടൊപ്പം സ്വാമിയുടെ പ്രസാദമായ തിരുമധുരം, മാങ്ങാക്കറി, പപ്പടം, മുതിരപ്പുഴുക്ക്, വെന്നി എന്നിവയും ഉണ്ടാകും . മാലക്ക് പുത്തന്‍ കൊടുക്കുക എന്നത് പണ്ടേ പ്രധാനപ്പെട്ട വഴിപാടാണ്. നന്ദിഗ്രാമത്തില്‍ പാദുക പൂജ നടത്തി വന്നിരുന്ന ശ്രീ ഭരതന് നിത്യവും പുഷ്പങ്ങള്‍ എത്തിച്ച് കൊടുത്തിരുന്നത് ഇവിടത്തെ അമ്പല വാസികളാണ് . പ്രതിഫലം ചോദിക്കുകയോ കൊടുക്കുകയോ ഉണ്ടായിട്ടില്ല എന്ന് പറയപ്പെടുന്നു. അതുകൊണ്ട് മററു ക്ഷേത്രങ്ങളില്‍ നിന്ന് വിഭിന്നമായി അമ്പലവാസികള്‍ക്കും പുത്തന്‍ വാങ്ങിക്കാം . മാലകെട്ടിക്കൊളളണമെന്നില്ല . ആറുമാസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് വരെ ഇവിടെ മാലപുത്തന്‍ കൊടുക്കാറുണ്ട്. പ്രതിഫലം മാലക്ക് എന്ന പേരില്‍ കോടി വസ്ത്രവും, പണവും,  അതുപോലെ താമരക്കഞ്ഞിയും വഴിപാടായി നടത്താറുണ്ട്. ഇരിങ്ങാലക്കുടയിലെ അമ്പലവാസി കുടുംബങ്ങള്‍ മാലപുത്തന്‍ വാങ്ങി ഉപജീവനം കഴിച്ചിരുന്ന മഹത്തായ പൈതൃകത്തിന് ഉടമകളായിരുന്നു. ഇന്ന് സാമ്പത്തികമായി ഉന്നതരായവരുടെ മാതാപിതാക്കള്‍പോലും  അഭിമനപൂര്‍വ്വം അനുസ്മരിക്കുന്ന ഒന്നാണ്  താമരകഞ്ഞി.

Advertisement