നാലുകോടി ചിലവില്‍ നൂറു ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ ഇരിങ്ങാലക്കുട രൂപത

609
Advertisement

ഇരിങ്ങാലക്കുട : പ്രളയക്കെടുതിയില്‍ വീടു നഷ്ടപ്പെട്ട 100 കുടുംബങ്ങള്‍ക്ക് നാലു കോടി രൂപ മുടക്കി ഭവനം നിര്‍മിച്ചു നല്‍കുന്ന പദ്ധതി അതിജീവന വര്‍ഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. രൂപതാതിര്‍ത്തിയിലെ നാനാജാതി മതസ്ഥരില്‍ നിന്നും തിരഞ്ഞെടുത്ത ഏറ്റവും അര്‍ഹരായ 100 കുടുംബങ്ങളെയാണ് ഇതില്‍ ഉള്‍പ്പെടുത്തുക എന്ന് ഇരിങ്ങാലക്കുട രൂപതയുടെ വൈദിക വിശുദ്ധീകരണ ദിനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രതിമാസം 1000 രൂപ ലഭിക്കത്തക്ക രീതിയില്‍ 1500 കുടുംബങ്ങളെ ഇതിനോടകം തന്നെ രൂപത ദത്തെടുത്തുകഴിഞ്ഞു. രൂപതയിലെ വിവിധ ഇടവകകളുടെ സഹകരണത്തോടെ ഒരു കോടി അമ്പതു ലക്ഷം രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്.
പ്രളയക്കെടുതി ഏറ്റവും രൂക്ഷമായിരുന്ന ആഗസ്റ്റ് മാസത്തില്‍ രൂപതാതിര്‍ത്തിക്കുള്ളിലെ വിവിധ ഇടവകകളും സ്ഥാപനങ്ങളും സന്യസ്ത ഭവനങ്ങളും സംഘടിപ്പിച്ച ക്യാമ്പുകളുടെ നടത്തിപ്പിനും വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിനും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനുമായി രണ്ടു കോടി അമ്പതു ലക്ഷം രൂപ ചെലവഴിച്ചിരുന്നു. ഇരിങ്ങാലക്കുട രൂപതയിലെ സാമൂഹ്യ പ്രവര്‍ത്തന സ്ഥാപനങ്ങളായ സോഷ്യല്‍ ആക്ഷന്‍, അവാര്‍ഡ് സൊസൈറ്റി, മുഖപത്രമായ ‘കേരളസഭ’ എന്നിവയിലൂടെയാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

 

Advertisement