പ്രളയകാലത്തുനിന്നും അതിജീവനത്തിലേക്ക് പോത്താനി കിഴക്കേപാടത്ത് വീണ്ടും കൃഷിയൊരുക്കുന്നു

284
Advertisement

പടിയൂര്‍: പ്രളയത്തില്‍ നശിച്ചുപോയ കൃഷിയിടത്തില്‍ വീണ്ടും പൊന്നുവിളയിക്കാന്‍ കര്‍ഷകര്‍ തയ്യാറെടുക്കുന്നു. പടിയൂര്‍ പഞ്ചായത്തിലെ പോത്താനി കിഴക്കേപാടം നെല്ലുല്‍പാദക സമൂഹത്തിന്റെ കീഴിലുള്ള ഇരിപ്പൂപാടശേഖരത്തില്‍ നൂറോളം കര്‍ഷകരാണ് മുണ്ടകന്‍ കൃഷിയിറക്കാന്‍ തയ്യാറെടുക്കുന്നത്. സെപ്തംബറില്‍ കൊയ്യാനിരുന്ന പോത്താനി കിഴക്കേപ്പാടത്തെ 40 ഹെക്ടര്‍ സ്ഥലത്തെ വിരിപ്പു ക്യഷി പ്രളയത്തില്‍ പൂര്‍ണ്ണമായും നശിച്ചത്. പാകമായി തുടങ്ങിയ നെല്‍കതിരുകളെല്ലാം നീലക്കോഴികളും ഇരണ്ടകളും തിന്നുതീര്‍ത്തു. ബാക്കിയുള്ളതെല്ലാം പതിരായി. വെള്ളം ഇറങ്ങിപോയെങ്കിലും വെള്ളപ്പൊക്കത്തില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ കെമിക്കലുകളും കക്കൂസ് മാലിന്യങ്ങളും മൂലം നെല്ല് കൊയ്‌തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായി. ഇതിനെ തുടര്‍ന്ന് പാടത്ത് കുമ്മായമിട്ട് ട്രാക്ടറടിക്കുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. ട്രാക്ടറടിച്ച് വീണ്ടും പാടം കൃഷിയോഗ്യമാക്കിയാല്‍ മാത്രമെ മുണ്ടകന്‍ കൃഷിക്ക് ഈ മാസം തന്നെ വിത്തിറക്കാന്‍ കഴിയു. അതിനാല്‍ നിലമൊരുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് പാടശേഖര കമ്മിറ്റി. കൃഷിക്കായി സംഭരിച്ചിരുന്ന വിത്തുകളും മറ്റ് സാധനസാമഗ്രികളുമെല്ലാം വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയതിനാല്‍ കൃഷി ഭവനില്‍ നിന്നും വിത്ത് ആവശ്യപ്പെട്ടീട്ടുണ്ടെന്ന് കര്‍ഷകര്‍ പറഞ്ഞു. മോട്ടോറുകള്‍ അറ്റകുറ്റപണികള്‍ നടത്താന്‍ നല്‍കിയിരിക്കുകയാണ്. വിത്ത് പാകി മുളപ്പിച്ച് 18 ദിവസത്തിനകം ഞാറുനടാനാണ് തീരുമാനം. ഈ മാസം തന്നെ കൃഷിയിറക്കാനായില്ലെങ്കില്‍ വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. ഒക്ടോബറില്‍ കൂടുതല്‍ മഴ വന്നാലും കൃഷിയെ ബാധിക്കുമെന്നും കര്‍ഷകര്‍ക്ക് ആശങ്കയുണ്ട്.

Advertisement