കേരളത്തെ പുനര്‍നിര്‍മിക്കാന്‍ ഇരിങ്ങാലക്കുട രൂപതയില്‍ അതിജീവനവര്‍ഷം

358

ഇരിങ്ങാലക്കുട : മഴക്കെടുതിയിലും പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും അകപ്പെട്ട് ദുരിതമനുഭവിക്കുന്നവരെ ശക്തിപ്പെടുത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനും പരസ്പരം സഹകരിച്ച് നല്ലൊരു നാളയെ പടുത്തുയര്‍ത്തുന്നതിനും വേണ്ടി ഇരിങ്ങാലക്കുട രൂപത 2018 സെപ്റ്റംബര്‍ 10 മുതല്‍ 2019 സെപ്റ്റംബര്‍ 10 വരെ അതിജീവനവര്‍ഷമായി ആചരിക്കുമെന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി രൂപതയില്‍ സംഘടിപ്പിക്കപ്പെട്ട റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ കുര്‍ബാനയുടെ മധ്യേയാണ് ബിഷപ് ഒരുവര്‍ഷത്തെ പുനരധിവാസ പദ്ധതികള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളെ ലളിതമാക്കി സമാഹരിച്ച 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങാലക്കുട രൂപത നല്‍കി. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടനില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി. ആര്‍ച്ച് ബിഷപ് ഡോ. ജോര്‍ജ് പാനികുളം, ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, വികാരി ജനറാള്‍മാരായ മോണ്‍. ആന്റോ തച്ചില്‍, മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, വൈസ് ചാന്‍സലര്‍ റവ. ഡോ. കിരണ്‍ തട്ട്ള, ഫിനാന്‍സ് ഓഫീസര്‍ റവ. ഫാ. വര്‍ഗീസ് അരിക്കാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.

 

നൂറ്റാണ്ടു കണ്ട വന്‍ ദുരന്തത്തെ നേരിടാനും ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് മനുഷ്യരെ സാന്ത്വനിപ്പിക്കാനും സര്‍വതും നഷ്ടപ്പെട്ട സാധാരണക്കാരായ മനുഷ്യരെ സംരക്ഷിക്കാനും പ്രളയ ദിനങ്ങളില്‍ ഇരിങ്ങാലക്കുട രൂപത പ്രഥമ സ്ഥാനത്തുണ്ടായിരുന്നു. വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും സന്യാസ ഭവനങ്ങളിലും സ്‌കൂളുകളിലുമായി 158 ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതിലൂടെ 21, 000 കുടുംബങ്ങള്‍ക്ക് സംരക്ഷണത്തിന്റെ കവചം ഒരുക്കാനും രൂപതാതിര്‍ത്തിക്കുള്ളില്‍ നടന്ന 400 ക്യാമ്പുകള്‍ക്ക് ആവശ്യമായ ഭക്ഷണം, മരുന്ന്, വാഹന സംവിധാനങ്ങള്‍, വൈദ്യുതി, താമസ സൗകര്യങ്ങള്‍ സംഘടിപ്പിക്കാനും ഒരു കോടി എഴുപത്തഞ്ചുലക്ഷം രൂപ ഈ ദിവസങ്ങളില്‍ ചെലവഴിച്ചു. ഇതിനു പുറമേ 66 ലക്ഷം രൂപയുടെ 11,000 അവശ്യസാധനങ്ങളുടെ കിറ്റുകള്‍, ശുദ്ധീകരണത്തിനുള്ള വസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയവ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ വീടുകളിലേക്ക് ഇടവകകള്‍ വഴിയായി എത്തിച്ചുകൊടുത്തു. രൂപതയുടെ യുവജന പ്രസ്ഥാനങ്ങളും സംഘടനകളിലെ അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് പൊതുസ്ഥലങ്ങള്‍, ഭവനങ്ങള്‍ വൃത്തിയാക്കുന്നതിനും കിണറുകള്‍ ശുദ്ധീകരിക്കുന്നതിനും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നു.
പ്രകൃതി ദുരന്തത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നുപോയ 817 വീടുകളുടേയും ഭാഗികമായി തകര്‍ന്ന 2304 ഭവനങ്ങളുടേയും പുനരധിവാസത്തിനും പുനരുദ്ധാരണത്തിനും സര്‍ക്കാര്‍ പദ്ധതികളുമായി ചേര്‍ന്ന് രൂപതയുടെ സോഷ്യല്‍ ആക്ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ദീര്‍ഘകാല പദ്ധതികള്‍ വിഭാവനം ചെയ്യുന്നതാണ്. പ്രളയ ദുരന്തത്തില്‍ സകല വരുമാനമാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ട ആയിരം കുടുംബങ്ങള്‍ക്ക് അതിജീവന വര്‍ഷത്തില്‍ ഓരോ മാസവും 1000 രൂപ നല്‍കി സംരക്ഷിക്കും. ഇതിനായി ബ്ലസ് എ ഹോം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 1 കോടി 20 ലക്ഷം രൂപ ചെലവഴിക്കുമെന്നും കൃഷി, വളര്‍ത്തു മൃഗങ്ങള്‍, ചെറുകിട വ്യാപാര കേന്ദ്രങ്ങള്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന സേവനങ്ങളെ ലഭ്യമാക്കിക്കൊണ്ട് സഹായങ്ങള്‍ എത്തിക്കുന്നതിന് ചാലക്കുടിയിലുള്ള അവാര്‍ഡ് സൊസൈറ്റിയുടെ മേല്‍ നോട്ടത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും ഗവണ്‍മെന്റ് തലത്തിലുള്ള മറ്റ് ആനുകൂല്യങ്ങള്‍ ദുരന്തബാധിതര്‍ക്ക് കൃത്യമായി എത്തുന്നതിന് ‘കേരളസഭ’ പത്രത്തിന്റെ ഓഫീസില്‍ നിന്നും സൗജന്യ സേവന സഹായങ്ങള്‍ ഉണ്ടാകുമെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
ഇരിങ്ങാലക്കുട രൂപതയിലെ എല്ലാ കത്തോലിക്കാ ആശുപത്രികളും ഹൃദയ പാലിയേറ്റീവ് കെയറും ഒരുമിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും ഏറ്റവും അത്യാവശ്യക്കാര്‍ക്ക് സൗജന്യ ചികിത്സകളും ഈ വര്‍ഷം നടപ്പിലാക്കുന്നതാണ്. രൂപതയിലെ അവാര്‍ഡ് സൊസൈറ്റിയുടെയും പ്രത്യാശ സെന്ററിന്റെയും നേതൃത്വത്തില്‍ സന്യാസ സമൂഹങ്ങളിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് സൗജന്യ കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തുന്നതാണ്. ഇടവക വൈദികരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനങ്ങളും വെഞ്ചരിപ്പും സന്യാസിനികളുടെ സഹായത്തോടെ ഹോം മിഷനും അതിജീവന വര്‍ഷത്തില്‍ നടത്തുന്നതാണ്. ബൈബിളുകളും പ്രാര്‍ത്ഥനാ പുസ്തകങ്ങളും ജപമാലകളും നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ അവ ലഭ്യമാക്കും. വെള്ളിയാഴ്ചകളില്‍ ദൈവാലയങ്ങളില്‍ പ്രത്യേക ആരാധനയും കുടുംബങ്ങളില്‍ അതിജീവനവര്‍ഷ പ്രാര്‍ത്ഥനയും നടത്തണമെന്ന് ബിഷപ് ഓര്‍മ്മപ്പെടുത്തി. ആളൂര്‍ ബിഎല്‍എം ധ്യാന കേന്ദ്രത്തിലുള്ള മരിയന്‍ കൂടാരത്തില്‍ എല്ലാ ബുധനാഴ്ചകളിലും രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും അഖണ്ഡ ജപമാലയും മരിയന്‍ വഴിയും ദുരിതമനുഭവിക്കുന്നവര്‍ക്കായി ഈ വര്‍ഷത്തില്‍ നടത്തുമെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു.
രൂപതയിലെ എല്ലാ വൈദികരുടെയും ഒരു മാസത്തെ അലവന്‍സ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. സ്ഥിരവരുമാനം സ്വീകരിച്ച് ജോലി ചെയ്യുന്ന സമര്‍പ്പിതരും അല്‍മായ സഹോദരരും അവരവരുടെ ഒരു മാസത്തെ അലവന്‍സ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കേണ്ടതാണ്. വിവാഹാഘോഷം, മനസമ്മതം, മാമ്മോദീസ, പ്രഥമ ദിവ്യകാരുണ്യസ്വീകരണം, വീടുവെഞ്ചരിപ്പ്, തിരുപ്പട്ടം, വ്രതവാഗ്ദാനം, ജൂബിലി, മരണാനന്തരകര്‍മ്മങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവ ലളിതമാക്കി അതില്‍നിന്ന് മിച്ചംവയ്ക്കുന്ന വിഹിതം പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കേണ്ടതാണ്. തിരുനാളിനോടനുബന്ധിച്ചുള്ള വൈദ്യുതി അലങ്കാരം, വെടിക്കെട്ട്, തിരുനാള്‍ സപ്ലിമെന്റ്, അങ്ങാടിയമ്പ്, സ്റ്റേജ് പ്രോഗ്രാമുകള്‍, വഴിയോര അലങ്കാരങ്ങള്‍, ഊട്ടുതിരുനാള്‍, ശ്രാദ്ധഭക്ഷണം, തേര്, ക്രിസ്തുമസ്സിനോടനുബന്ധിച്ചുള്ള മെഗാ ക്രിബുകള്‍, ആഘോഷപൂര്‍വ്വമുള്ള ക്രിസ്തുമസ്സ് കരോള്‍ എന്നിവ ഒരു വര്‍ഷത്തേക്ക് ഒഴിവാക്കുവാന്‍ ആഹ്വാനം ചെയ്യുന്നു. അമ്പ് എഴുന്നള്ളിപ്പ്, തിരുനാള്‍ പ്രദക്ഷിണം എന്നിവ ലളിതമായി ആചരിക്കുകയും ചെയ്യേണ്ടതാണ്. ഒരു വര്‍ഷത്തേയ്ക്ക് അമ്പുതിരുനാളുകളും മറ്റ് തിരുനാള്‍ ആഘോഷങ്ങളും ക്രിസ്തുമസ്സ് ആചരണങ്ങളും ഇപ്രകാരം ലളിതമാക്കി അതില്‍ നിന്നും സ്വരൂപിക്കുന്ന തുകയും നേര്‍ച്ച പണവും പ്രകൃതിദുരന്ത അതിജീവനത്തിനായി നല്‍കേണ്ടതാണ്. പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇടവകകളിലും സ്ഥാപനങ്ങളിലും രൂപതയിലും ഒരു വര്‍ഷത്തേയ്ക്ക് ഒഴിവാക്കേണ്ടതാണെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തി.
രാവിലെ 10.30 മുതല്‍ രൂപതയിലെ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടേയും നടത്തു കൈക്കാരന്മാരുടേയും സംയുക്ത യോഗം രൂപതാ ഭവനത്തില്‍ നടന്നു. ഹൃദയ പാലിയേറ്റീവ് കെയറിന്റെ പുതിയ ആമ്പുലന്‍സുകളുടെ വെഞ്ചരിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 2.30 ന് ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന റൂബി ജൂബിലി സമാപനത്തോടനുബന്ധിച്ചുള്ള വിശുദ്ധ ബലിയില്‍ മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. രൂപതയിലെ മുഴുവന്‍ വൈദികരും സഹകാര്‍മ്മികരായിരുന്നു. റൂബി ജൂബിലി കമ്മറ്റി അംഗങ്ങളും സന്യാസ ഭവനങ്ങളിലെ സുപ്പീരിയര്‍മാരും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും കൈക്കാരന്മാരും സെമിനാരി വിദ്യാര്‍ഥികളും ലളിതമായ ചടങ്ങുകളില്‍ പങ്കെടുത്തു.

 

 

Advertisement