വിനയന്‍ വധക്കേസ് : 1-ാം പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ

1147

ഇരിങ്ങാലക്കുട : ടെമ്പോ ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ 1-ാം പ്രതി കൊന്നക്കുഴി കുടംമാട്ടി രമേശ് (48), 6 7 പ്രതികളായ ആളൂര്‍ പുതുശ്ശേരി 43 വയസ്സ്, ആന്റു (43), കാഞ്ഞിരപ്പിള്ളി വരപ്പന മാപ്രാമ്പിള്ളി സെബി (43) എന്നിവരെ കുറ്റക്കാരെന്ന് കണ്ട് ഇരിങ്ങാലക്കുട അഡിഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി. ഗോപകുമാര്‍ ശിക്ഷ വിധിച്ചു.2003 ഡെപ്റ്റംബര്‍ 3-ാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കൊല്ലപ്പെട്ട വിനയന്റെ അയല്‍വാസിയായ കൊന്നക്കുഴി രാജനുമായുള്ള മുന്‍വൈരാഗ്യമൂലം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കേസിലെ 1-ാം പ്രതി രമേഷ് ബൈക്കില്‍ പോകുകയായിരുന്ന വരന്തരപ്പിളളി സ്വദേശി കൈതയില്‍ വീട്ടില്‍ വിനയനെയും സുഹൃത്ത് തോരപ്പ വീട്ടില്‍ മുജീബിനെയും ടെമ്പോ ഓടിച്ച് മനഃപൂര്‍വം ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോകുകയും വിനയന്‍ മരണപ്പെടുകയും മുജീബിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സംഭവശേഷം പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുകയും വ്യാജ തെളിവുകള്‍ സൃഷ്ടിക്കുകയും ചെയ്തു. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ് കേസ് അപകടമരണമായി രെജിസ്റ്റര്‍ ചെയുകയും കേസ് അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് വിനയന്റെ കുടുംബാംഗങ്ങളുടെ പ്രതിഷേധവും കോടതി ഇടപെടലും മൂലം കേസ് ഹൈകോടതി ക്രൈംബ്രാഞ്ചിനെ ഏല്‍പിക്കുകയായിരുന്നു.ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ മരണത്തിനു കാരണമായ വാഹനവും പ്രതിയും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ക്രൈം ബ്രാഞ്ചിലെ ഡിറ്റക്റ്റീവ് ഇന്‍സ്പെക്ടര്‍മാരായ സി പി വേലായുധന്‍, എം എസ് ബാലസുബ്രഹ്മണ്യന്‍, സി അരവിന്ദാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ 1-ാം പ്രതി രമേഷിനെ കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം കഠിന തടവിനും,വധശ്രമത്തിന് ജീവപര്യന്തം കഠിന തടവിനും അമ്പതിനായിരം രൂപ വീതം പിഴ അടക്കുന്നതിനും 6,7 പ്രതികളെ തെളിവ് നശിപ്പിക്കല്‍ കുറ്റത്തിന് ഒരു വര്‍ഷം കഠിന തടവിനും പതിനായിരം രൂപ വീതം പിഴ അടക്കുന്നതിനും കോടതി ശിക്ഷിച്ചു.കേസില്‍ പ്രോസിക്യുഷന്‍ ഭാഗത്തുനിന്നും 55 സാക്ഷികളെ വിസ്തരിക്കുകയും 63 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യുഷനു വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ പി. ജെ ജോബി, അഡ്വക്കേറ്റുമാരായ സജി റാഫേല്‍ ടി, ജിഷ ജോബി, അബിന്‍ ഗോപുരന്‍ എന്നിവര്‍ ഹാജരായി.

Advertisement