മഹാകവി വൈലോപ്പിള്ളി- മലയാളത്തിലെ മാനവികതയുടെ വക്താവ്

1169
ഇരിങ്ങാലക്കുട : വൈലോപ്പിള്ളിയുടെ 32-ാം ചരമവാര്‍ഷികം ആചരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മലയാളകവിതയുടെ സുവര്‍ണ്ണയുഗമേതെന്നു ചോദിച്ചാല്‍ നിഷ്പ്രയാസം പറയാം, കവിത്രയത്തിന്റെ കാലഘട്ടമെന്ന്. ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരാണ് ആ മഹാകവികള്‍. ഇവരില്‍ നിന്ന് ഊര്‍ജ്ജവും വളവും വലിച്ചെടുത്ത് അനുവാചകരെ ആകര്‍ഷിച്ചവരാണ് ഇടശ്ശേരിയും, വൈലോപ്പിള്ളിയും, എന്‍.വി.കൃഷ്ണവാര്യരും മറ്റും. കവിത നൈമിഷികാനുഭൂതിയല്ല, മാനുഷിക ഭാവനകളെ ഉണര്‍ത്താനും, ഉയര്‍ത്താനും ഉള്ളതാണെന്നും അതുമൂലം സമൂഹ മനസാക്ഷിയില്‍ സമൂലമാറ്റം വരുത്തുവാന്‍ കഴിയുമെന്നും കവിതയിലൂടെ കാണിച്ചുതന്ന മഹാനുഭവാനാണ് വൈലോപ്പിള്ളി. ‘കന്നിക്കൊയ്ത്ത്’ മുതല്‍ ‘മകരക്കൊയ്ത്ത്’ വരെ മഹാകവി കൊയ്തു കൂട്ടിയ കതിര്‍ക്കനമുള്ള കവിതാപുഷ്പങ്ങള്‍ മലയാളിയുടെ ഐശ്വര്യപൂര്‍ണ്ണമായ ഓണമുറ്റത്ത് എക്കാലവും നഷ്ടസ്മൃതികള്‍ വിടര്‍ത്തി വിരാജിക്കും, തീര്‍ച്ച. വിദ്യാര്‍ഥികളുടെ പ്രിയങ്കരനായ ഈ അധ്യാപകന്‍ എന്നും ശാസ്ത്ര കുതുകിയായിരുന്നു.  ‘താന്‍ എന്നെന്നും വേദനിക്കുന്നവന്റെയും, ദു:ഖിക്കുന്നതിന്റെയും കൂടെയായിരിക്കുമെന്ന് സ്വന്തം കവിതയെ പരാമര്‍ശിക്കെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ‘കുടിയൊഴിക്കല്‍’ എന്ന അനശ്വര ഖണ്ഡകാവ്യത്തില്‍, ‘സൗവര്‍ണ്ണ’ പ്രതിപക്ഷമായിരിക്കണം  കലാകാരന്റെ സ്ഥാനമെന്ന് അദ്ദേഹം ഹൃദയദ്രവീകരണ ഭാഷയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അനുഭവങ്ങളുടെ തീച്ചൂളയിലിട്ട് പാകപ്പെടുത്തിയ മാനസിക ഭാവങ്ങളുടെ നിശ്ചലചിത്രങ്ങള്‍ വൈലോപ്പിള്ളിയുടെ കാവ്യലോകത്ത് ചലച്ചിത്രത്തിലെന്ന വണ്ണം അനുവാചകരെ കാത്തിരിക്കുന്നു. ‘ഒരു കവിത മനസ്സിന്റെ അഗാധതയില്‍ ഊളിയിട്ടാല്‍ താനൊരു പൊരുന്നേല്‍ കോഴിയായി മാറുമെന്ന’ മഹാകവിയുടെ വാക്കുകള്‍ തികച്ചും അന്വര്‍ത്ഥമാണ്. മലയാളിക്ക് കൈമോശം വന്ന ഓണസങ്കല്പത്തെക്കുറിച്ച് ‘അധികാരത്തിന്റെ മൂടുപടമിട്ട വാമനന്മാര്‍, നന്മയുടെ പ്രതിരൂപമായ മഹാബലിമാരെ എന്നും പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തുന്നതില്‍ ദു:ഖിതനായ മഹാകവി മലയാളകവിതയെ വളര്‍ച്ചയുടെ ഉത്തുംഗ സോപാനത്തിലെത്തിച്ചു. ആ മാര്‍ഗ്ഗം പിന്തുടരാന്‍ അധികമാരും ഉണ്ടായില്ല എന്നതാണ് മലയാളത്തിന്റെ ദൗര്‍ഭാഗ്യം. ‘അങ്കണത്തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴുന്നതെടുക്കാന്‍’ അടുത്തില്ലാത്ത മകന്റെ നഷ്ടബോധത്താല്‍  ദു:ഖിതയായ അമ്മ- വൈലോപ്പിള്ളിയെ സംബന്ധിച്ചിടത്തോളം- മനസ്സിന്റെ അഗാധത തന്നെയാണ്. മാമ്പഴത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ആ അനാദിസ്മൃതി മലയാളകവിതയുടെ മഹാഭാഗ്യമാണ്. ‘യുഗപരിവര്‍ത്തനം’ എന്ന കവിതയില്‍ ‘ ഹാ സഖീ നീയെന്നോട് ചേര്‍ന്നു നില്‍ക്കുക, വീതോല്ലാസമായ് മങ്ങീടുന്നു ജീവിതം- ജീവന്‍ പോലെ’ എന്നു ഓര്‍മ്മിപ്പിക്കുന്ന മഹാകവി മനസ്സ് എന്ന മാന്ത്രികനെ മറികടന്ന് മറ്റു പലതിനുമപ്പുറത്താണ് ജീവിതം എന്ന് സുകൃതിയായി കാണിച്ചു തരുന്നു.
Advertisement