സെന്റ് മേരീസ് എല്‍ പി സ്‌കൂളിന്റ ശതാബ്ദി ആഘോഷം

591

എടതിരിഞ്ഞി: 2017 ജൂണ്‍ 1ന് 100 വയസ്സു തികഞ്ഞ എടതിരിഞ്ഞി സെന്റ് മേരീസ് എല്‍ പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ വളരെ വ്യത്യസ്തമായ രീതിയില്‍ വിവിധ ഘട്ടങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. 2017 ഓഗസ്റ്റ് 11ന് ആഘോഷങ്ങളുടെ ആദ്യഘട്ടം നടന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ തെരുവോരം മുരുകന്‍ മുഖ്യാതിഥിയായിരുന്നു. അതിന്റെ ഭാഗമായി 10 നിര്‍ധന കുടുംബത്തിന് ആടിനെ വിതരണം ചെയ്തു. ഹൈസ്‌കൂളിലും ഹയര്‍സെക്കന്ററിയിലും പഠിച്ചുകൊണ്ടിരിക്കുന്ന 10 നിര്‍ധന പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കി. ക്യാന്‍സര്‍ വൃക്കരോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കി. 8 പൂര്‍വ്വ അധ്യാപകരേയും 80 വയസ്സ് തികഞ്ഞ 17 പൂര്‍വ്വവിദ്യാര്‍ത്ഥികളേയും പൊന്നാട അണിയിച്ചും മെമന്റോ നല്‍കിയും ആദരിച്ചു. ആഘോഷങ്ങളുടെ അടുത്ത ഘട്ടം ഡിസംബര്‍ 4-ാം തിയ്യതി ഉച്ചയ്ക്ക് 2 മണിയ്ക്ക് നടക്കുന്നു. 2-ാം ഘട്ടത്തോടനുബന്ധിച്ച് 5 നിര്‍ധന കുടുംബത്തിന് ടോയ്‌ലറ്റ് നിര്‍മ്മിക്കുന്നതിന് സഹായം നല്‍കുന്നു. 10 നിര്‍ധന കുടുംബത്തിന് തയ്യല്‍ മെഷീനും, ജാതി തൈയും, 20 നിര്‍ധന കുടുംബത്തിന് കോഴിക്കുഞ്ഞുങ്ങളെയും വിതരണം ചെയ്യുന്നു. ഇതോടൊപ്പം പൂര്‍വ്വവിദ്യാര്‍ത്ഥിജനപ്രതിനിധികളെ ആദരിക്കുന്നു. തുടര്‍ന്ന് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ഗാനമേളയും നൃത്താവിഷ്‌ക്കാരവും ഉണ്ടായിരിക്കും. സി.എം.സി. ഉദയ മാനേജ്‌മെന്റ്, ചേലൂര്‍ ഫ്രണ്ട്‌സ് അസോസിയേഷന്‍, നാട്ടുകാര്‍ എന്നിവരുടെ സഹായത്തോടെയാണ് കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഫെബ്രുവരി മാസത്തിലാണ് അവസാനഘട്ടാഘോഷം നടക്കുന്നത്. വീടുകളുടെ അറ്റകുറ്റപണി, വീടുകള്‍ക്ക് ജനല്‍വാതില്‍ നല്‍കല്‍ എന്നിവയാണ് പൂര്‍ത്തീകരിക്കാനുള്ള പദ്ധതികള്‍. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ കെ.സി.ബിജു, വൈസ് ചെയര്‍മാന്‍ കെ.പി. കണ്ണന്‍, ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനറും പി.ടി.എ. പ്രസിഡന്റുമായ ജെയ്‌സണ്‍ അച്ചങ്ങാടന്‍, ജോയിന്റ് കണ്‍വീനര്‍ സന്തോഷ് കെ.എസ്. എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement