ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുര നവീകരണത്തോടനുബന്ധിച്ച് സ്ഥാപിച്ച വഴിവിളക്കുകൾ നീക്കം ചെയ്യാൻ തീരുമാനം.ഭൂരിഭാഗം വരുന്ന ഭക്തജനങ്ങളുടെ അഭിപ്രായ പ്രകാരമാണ് ഈ തീരുമാനം . കഴിഞ്ഞ ദിവസം കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിൻ്റെ നവീകരണ പ്രവൃത്തി പൂർത്തിയാകുകയും സമർപ്പണം നടക്കുകയും ചെയ്തിരുന്നു.കിഴക്കേ നടയിൽ ഉണ്ടായിരുന്ന വഴിവിളക്കുകൾ ദീർഘകാലമായി പ്രവർത്തനക്ഷമമല്ലാത്തതിൻ്റെ അടിസ്ഥാനത്തിൽ ഗോപുര നവീകരണം എറ്റെടുത്ത ഐ സി എൽ മേധാവി കെ.ജി. അനിൽകുമാർ ഈ വിവരം മനസ്സിലാക്കി അതിന് പരിഹാരം എന്ന നിലയിലാണ് വിളക്കുകാലുകൾ കിഴക്കേ നടയിൽ സ്ഥാപിച്ചത് .ഇതോടെ പരിസരത്തെ വെളിച്ചക്കുറവ് പരിഹരിക്കപ്പെട്ടു. എന്നാൽ സ്ഥാപിച്ച വിളക്കുകൾ ക്ഷേത്രത്തിൻ്റെ നടയ്ക്കൽ വയ്ക്കാൻ അനുയോജ്യമല്ല എന്നും അവ മാറ്റുകയാണ് വേണ്ടത് എന്നും വലിയ അഭിപ്രായം ഉയർന്നുവന്നു. പൊതുജനാഭിപ്രായത്തിന് അർഹിക്കുന്ന പരിഗണന നൽകിയ ദേവസ്വം ഭരണസമിതി സ്പോൺസറുമായി ഇക്കാര്യം സംസാരിച്ചതിൽ പൊതുജനാഭിപ്രായത്തിനാണ് പ്രാമുഖ്യം നൽകേണ്ടത് എന്ന സമീപനത്തോട് സ്പോൺസർ യോജിച്ചു. ഇതിനെത്തുടർന്ന് കിഴക്കേ നടയിലെ വിളക്കുകാലുകൾ നീക്കം ചെയ്യാൻ ദേവസ്വം ഭരണസമിതി തീരുമാനമെടുത്തു.
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുര നവീകരണത്തോടനുബന്ധിച്ച് സ്ഥാപിച്ച വഴിവിളക്കുകൾ നീക്കം ചെയ്യാൻ തീരുമാനം
Advertisement