പണയം വെച്ച ഉരുപ്പടികള്‍ വീണ്ടും പണയം വെച്ച് കോടികണക്കിന് രൂപ വെട്ടിച്ചുവെന്ന പരാതിയില്‍ കേസെടുത്തു

307

കാറളം: എസ് ബി ഐ ബാങ്കിന്റെ ബ്രാഞ്ചില്‍ സ്വര്‍ണ്ണം പണയം വെച്ച ഉരുപ്പടികള്‍ വീണ്ടും പണയം വെച്ച് കോടികണക്കിന് രൂപ വെട്ടിച്ചുവെന്ന പരാതിയില്‍ കാട്ടൂര്‍ പോലീസ് കേസെടുത്തു.ബാങ്കിലെ തന്നെ ഉദ്യോഗസ്ഥനായ ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അവറാന്‍ വീട്ടില്‍ സുനില്‍ ജോസ് അവറാന് എതിരെയാണ് കാട്ടൂര്‍ പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.2018 ഓക്ടോബര്‍ 3 മുതല്‍ 2020 നവംമ്പര്‍ 16 വരെയുള്ള കാലയളവില്‍ ബാങ്കിന്റെ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ഇദേഹം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ പുതിയ ലോണ്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കി ബാങ്കില്‍ സൂക്ഷിച്ചിരുന്ന 76 പാക്കറ്റ് സ്വര്‍ണ്ണപണയ ഉരുപടികള്‍ വീണ്ടും പണയം വച്ച് 2 കോടി 76 ലക്ഷം രൂപ തിരിമറി നടത്തിയതായാണ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ നന്ദകുമാര്‍ കാട്ടൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.ബാങ്കില്‍ നടത്തിയ ഓഡിറ്റ് പരിശോധനയിലാണ് തിരിമറി നടത്തിയതായി മനസിലാക്കിയത്. തുടര്‍ന്ന് പ്രതിയെയും ബാങ്ക് മാനേജരെയും താല്‍ക്കാലികമായി പുറത്താക്കി പോലീസില്‍ പരാതി നല്‍കുകയും ബാങ്കിന്റെ ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിക്കുകയും ചെയ്തു.കാട്ടൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കില്ലും പ്രതി ഒളിവിലാണ്.ബാങ്കിലെ മറ്റ് ഉപഭോക്താക്കള്‍ സ്വര്‍ണ്ണപണയങ്ങള്‍ സുരക്ഷിതമല്ല എന്ന അഭ്യൂഹത്തില്‍ ബാങ്കില്‍ എത്തിയവര്‍ക്കെല്ലാം അവരുടെ പണയ സ്വര്‍ണ്ണമായി സുരക്ഷിതമാണ് എന്ന് ബോധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു.

Advertisement