പൗരത്വനിയമത്തെ എതിര്‍ക്കുന്ന ഇന്ത്യന്‍ യുവാക്കളുടേത് ചരിത്ര ദൗത്യം : ഡോ.ധര്‍മ്മരാജ് അടാട്ട്

102

ഇരിങ്ങാലക്കുട: പൗരത്വനിയമത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള ആപത്ത് തിരിച്ചറിഞ്ഞ് പൊതുസമൂഹത്തിന്റെ ആധി ഏറ്റെടുത്ത് സമരരംഗത്ത് നിലയുറപ്പിച്ച ഇന്ത്യയിലെ വിദ്യാര്‍ത്ഥിസമൂഹം ചരിത്രപരമായ കടമയാണ് നിര്‍വ്വഹിക്കുന്നത് എന്ന് കാലടി ശ്രീശങ്കര സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് ഓട്ടോണമസ് കോളേജില്‍ ഫാ.ജോസ് ചുങ്കന്‍ കലാലയരത്‌ന പുരസ്‌കാരം നല്‍കിയതിനുശേഷം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈയടുത്തകാലത്ത് ഇന്ത്യന്‍ ഐതിഹ്യങ്ങളെയും കെട്ടുകഥകളേയും ശാസ്ത്രസത്യങ്ങളാക്കാന്‍ ഔദ്യോഗിക തലത്തില്‍ ശ്രമം നടക്കുകയുണ്ടായി. പുരാതന ഇന്ത്യയില്‍ വിമാനയാത്ര സാധ്യമായിരുന്നുവെന്നും പ്ലാസ്റ്റിക് സര്‍ജ്ജറിയുടെ ഉപജ്ഞാതാക്കള്‍ ഇന്ത്യക്കാരാണെന്നും ഭാരതീയാചാര്യന്‍മാര്‍ ഗോളാന്തരയാത്ര നടത്തിയിരുന്നുവെന്നും വാദിച്ചുകൊണ്ട് ശാസ്ത്രജ്ഞന്‍മാര്‍ തന്നെയാണ് ദേശീയശാസ്ത്രകോണ്‍ഗ്രസ്സില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ പൗരത്വത്തിന്റെ പേരില്‍ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്തപ്പോള്‍ യുവാക്കളും വിദ്യാര്‍ത്ഥികളും അടങ്ങുന്ന യുവതലമുറ തീവ്രമായി എതിര്‍ക്കുന്ന ചരിത്രമുഹൂര്‍ത്തത്തിന് ഇന്ത്യന്‍ കാമ്പസ്സുകള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുകയാണ്. ഭാരതസംസ്‌കാരത്തിന്റെ മുഖമുദ്രയായ സാംസ്‌കാരിക വൈവിധ്യത്തെ മതാത്മകമായ ഏകമുഖമാക്കാന്‍ നടത്തുന്ന ശ്രമം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുക്കാട് പ്രജ്യോതിനികേതന്‍ വിദ്യാര്‍ത്ഥിനി ദയസൂതന് 5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ഫാ.ജോസ് ചുങ്കന്‍ കലാലയരത്‌ന പുരസ്‌കാരം കാലടി സര്‍കലാശാല വൈസ് ചാന്‍സലര്‍ ഡോ.ധര്‍മ്മരാജ് അടാട്ട് സമ്മാനിച്ചു. പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, പുരസ്‌കാര സമിതി കണ്‍വീനര്‍ ഡോ.സെബാസ്റ്റിയന്‍ ജോസഫ്, ഫാ.ജോസ് ചുങ്കന്‍, ഡോ.സി.വി.സുധീര്‍, പ്രൊഫ.സിന്റോ കോങ്കോത്ത്, അഹമ്മദ് ഷഹബാസ് എന്നിവര്‍ സംസാരിച്ചു.

Advertisement