കൊടകര : ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണലിന്റെ 22-ാമത് ഏഷ്യ പസഫിക് കോണ്‍ഫറന്‍സിന് (ആസ്പാക് 2020) കൊടകര സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ പ്രൗഡോജ്ജ്വലമായ തുടക്കം. സീറോ മലബാര്‍ സഭ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയെത്തുടര്‍ന്നായിരുന്നു ഉദ്ഘാടന സമ്മേളനം.
കെസിബിസി ഫാമിലി & പ്രോലൈഫ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. കത്തോലിക്കനായ ഏതൊരുവനും ജീവന്റെ സംരക്ഷകനും പ്രചാരകനുമായിരിക്കണമെന്ന് ബിഷപ് ഉദ്ബോധിപ്പിച്ചു. ദൈവീക ദാനമായ ജീവനെ സ്നേഹിക്കാനും ബഹുമാനിക്കാനും പരിപോഷിപ്പിക്കാനും ശുശ്രൂഷിക്കാനും ഉള്ള വിളിയാണ് ക്രൈസ്തവ വിശ്വാസിക്കുള്ളതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. ‘ജീവന്റെ സുവിശേഷം’ എന്ന ചാക്രിക ലേഖനത്തിന്റെ രജത ജൂബിലി വേളയില്‍ തന്നെ ഇത്തരമൊരു അന്തര്‍ദേശീയ കോണ്‍ഫറന്‍സിന് ആതിഥ്യമരുളാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ (ഹൊസൂര്‍), മാര്‍ ജോയ് ആലപ്പാട്ട് (ഷിക്കാഗോ), ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഫാ. ഷെനാന്‍ ബൊക്കെ, ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഷോയ് തോമസ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹ്യൂമന്‍ ലൈഫ് ഇന്റര്‍നാഷണല്‍ റീജണല്‍ ഡയറക്ടര്‍ ഡോ. ലിഗായ അക്കോസ്റ്റ ആമുഖ പ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട രൂപത ചാന്‍സലറും സംഘാടക സമിതി ചെയര്‍മാനുമായ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ഡോ. ഫിന്റോ ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു. കേരളീയ ക്രൈസ്തവ കലാരൂപങ്ങളായ മാര്‍ഗംകളി, പരിചമുട്ടുകളി എന്നിവയുടെ അവതരണവും സെമിക്ലാസിക്കല്‍ ഡാന്‍സും ഉദ്ഘാടനം സമ്മേളനത്തിനു കൂടുതല്‍ മിഴിവേകി. ഇന്നലെ നടന്ന വിവിധ സെഷനുകള്‍ക്ക് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി, ഫാ. ഷെനാന്‍ ബൊക്കെ (അമേരിക്ക), ഡോ. ജാക്വിലിന്‍ മൈക്കിള്‍ (ഓസ്ട്രേലിയ), ഡോ. ബെറ്റ്സി തോമസ്, ഡോ. അബ്രഹാം ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നു നടക്കുന്ന സെഷനുകള്‍ക്ക് റവ. ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, ഡോ. ഫിന്റോ ഫ്രാന്‍സിസ്, ഫാ. ഡിയാമേരി ഐബറ, പാപ്പുവ ന്യൂഗിനി ബിഷപ് റൊണാള്‍ഡോ സാന്റോസ്, ഡോ. ബ്രയാന്‍ ക്ലൗസ്, ലൂസികിര്‍ക്ക്, റവ. ഡോ. ജേക്കബ് കോയിപ്പള്ളി, ഫാ. ജോര്‍ജ് മരിയ റാന്‍ഡില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കോണ്‍ഫറന്‍സ് നാളെ സമാപിക്കും.
‘ആസ്പാക് 2020’ ഇന്റര്‍നാഷ്ണല്‍ കോണ്‍ഫറന്‍സിനു ഗരിമയാര്‍ന്ന തുടക്കം
Advertisement