പ്രളയം:മുകുന്ദപുരം താലൂക്കില്‍ 10000 രൂപ അടിയന്തിരദുരിതാശ്വാസം വിതരണം പൂര്‍ത്തിയാക്കി.

297

ഇരിങ്ങാലക്കുട.പ്രളയ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപ അടിയന്തിരദുരിതാശ്വാസം താലൂക്കിലെ 20685 കുടുംബങ്ങള്‍ ക്കനുവദിച്ചതായി മുകുന്ദപുരം തഹസില്‍ദാര്‍ ഐ.ജെ.മദുസൂദനന്‍ അറിയിച്ചു.ഇരുപത് കോടി അറുപത്തെട്ട് ലക്ഷത്തി അമ്പതിനായിരം രൂപയാണ് ഈയിനത്തില്‍ വിതരണം നടത്തിയത്.രണ്ടാംശനി,ഞായര്‍ ദിവസങ്ങളിലും ഹര്‍ത്താല്‍ ദിനമായ തിങ്കളാഴ്ച്ചയും ബില്‍ പാസാക്കി തുക ബാങ്കിന് കൈമാറിയിട്ടുണ്ടെന്നും എന്നാല്‍ ബാങ്ക് അവധിമൂലം ചൊവ്വ,ബുധന്‍ ദിവസങ്ങളിലായി മാത്രമേ മുഴുവന്‍ അക്കൗണ്ടുകളിലും പണമെത്താന്‍ സാധ്യതയുള്ളുവെന്നും തഹസില്‍ദാര്‍ അഭിപ്രായപ്പെട്ടു.

അക്കൗണ്ട് വിവരങ്ങളും കോഡും കൃത്യമല്ലാത്തതിനാലും അക്കൗണ്ട് ആക്ററീവ് അല്ലാത്തതിനാലും കുറച്ചുപേരുടെ പണം വിതരണം നടക്കാതെ തിരികെ എത്തിയിട്ടുണ്ട്.ബന്ധപ്പെട്ട വില്ലേജ് ഓഫീസുകള്‍ മുഖാന്തിരം ഇത്തരക്കാരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിച്ച് അവര്‍ക്കും ഉടന്‍തന്നെ തുക വിതരണം നടത്തും.ദുരിതബാധിതരായി കണ്ടെത്തിയ കുടുംബങ്ങളില്‍ നിന്നും സാധ്യമായ മുഴുവന്‍കുടുംബങ്ങള്‍ക്കും തുക വിതരണം നടത്തിയിട്ടുണ്ട്.
ബി.എല്‍.ഒ മാര്‍ വിവരശേഖരണം നടത്തി വില്ലേജ് ഓഫീസര്‍ മുഖാന്തിരമാണ് ദുരിതബാധിതരുടെ കണക്കെടുത്തത്.ബാങ്ക് അക്കൗണ്ടില്ലാത്തതിനാല്‍ അര്‍ഹരായ ചില കുടുംബങ്ങളില്‍ നിന്നും അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.ഇവര്‍ക്കെങ്ങിനെ തുകകൈമാറാമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം തേടിയിട്ടുണ്ട്.അവധിദിവസങ്ങളിലുള്‍പ്പടെ രാപകലില്ലാതെ താലൂക്കിലേയും വില്ലേജ് ഓഫീസുകളിലേയും ജീവനക്കാര്‍ ജോലി ചെയ്താണ് തുക വിതരണനടപടികള്‍ പൂര്‍ത്തീകരിച്ചത്.ഇതോടൊപ്പംതന്നെ താലൂക്കിലെ അര്‍ഹരായ 21350 കുടുംബങ്ങള്‍ക്കുള്ള ദുരിതാശ്വാസകിറ്റ് വിതരണവും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

 

Advertisement