*എസ്.പി.സി വിസ്കിഡ് ചാമ്പ്യൻഷിപ്പ് 2026 – അറിവിന്റെ പോരാട്ടത്തിൽ മാറ്റുരച്ച് വിദ്യാർത്ഥികൾ*
ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലാ എസ്.പി.സി പ്രൊജക്ടിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരം ‘എസ്.പി.സി വിസ്കിഡ് ചാമ്പ്യൻഷിപ്പ് 2026’ (SPC WizKid Championship 2026) ൽ മാറ്റുരച്ച് വിദ്യാർത്ഥികൾ. 16-11-2026 തീയതി ഇരിങ്ങാലക്കുട എൽ.എഫ്.സി.എച്ച്.എസിൽ വെച്ചാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള എസ്.പി.സി കേഡറ്റുകളും മറ്റ് വിദ്യാർത്ഥികളും ക്വിസ് മത്സരത്തിൽ പങ്കെടുത്തു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. മുഹമ്മദ് നദീം ഐ.പി.എസ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ റൂറൽ എസ്.പി.സി അസിസ്റ്റൻ്റ് ഡിസ്ട്രിക്ട് നോഡൽ ഓഫീസർ ആസാദ് പി.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
മത്സരത്തിൽ മതിലകം സെൻ്റ് ജോസഫ് എച്ച്.എസ് ഒന്നാം സ്ഥാനം (ട്രോഫിയും 5000 രൂപ ക്യാഷ് പ്രൈസും) കരസ്ഥമാക്കി. മതിലകം ഒ.എൽ.എഫ്.ജി.എച്ച്.എസ് രണ്ടാം സ്ഥാനവും (ട്രോഫിയും 3000 രൂപ ക്യാഷ് പ്രൈസും), കൊടുങ്ങല്ലൂർ പി.ബി.എം.ജി.എച്ച്.എസ് മൂന്നാം സ്ഥാനവും (ട്രോഫിയും 2000 രൂപ ക്യാഷ് പ്രൈസും) സ്വന്തമാക്കി. വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് പ്രൈസുകളും ഇരിങ്ങാലക്കുട ഡി.ഇ.ഒ ശ്രീമതി ഉഷ എം.വി വിതരണം ചെയ്തു.
എൽ.എഫ്.സി സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ സുദീപ, ആശംസകൾ അർപ്പിച്ചു. എസ്.പി.സി ജില്ലാ ഓഫീസിലെ പ്രദോഷ് ടി.സി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. സി.പി.ഒ മാർ, മറ്റ് അധ്യാപകർ, ഡി.ഐ മാർ, പോലീസുദ്യോഗസ്ഥർ, എസ്.പി.സി കേഡറ്റുകൾ, മാതാപിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു




