ശ്രീകാന്ത് കൊലക്കേസ് ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു

41

ഇരിങ്ങാലക്കുട : കൊടകര മേല്‍പാലത്തിനു സമീപം തട്ടുകടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി തൃശ്ശൂർ കിഴക്കേക്കോട്ട ലൂര്‍ദ്ദുപുരം കുരിശിങ്കല്‍ വീട്ടില്‍ സച്ചിന് (29) ജീവപര്യന്തം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. പിഴയിൽ നിന്ന് രണ്ടര ലക്ഷം രൂപയും ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ അഞ്ച് ലക്ഷം രൂപയും മരണപ്പെട്ട വ്യക്തിയുടെ മാതാവിന് നഷ്ടപരിഹാരമായി നല്കാനും അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ എസ് രാജീവ് വിധിച്ചിട്ടുണ്ട്. 2014 ജൂലൈ 20 ന് ആണ് കേസിന് ആസ്പദമായ സംഭവംനടന്നത്. അന്നേ ദിവസം രാത്രി 10.30 ന് കൂട്ടുകാരനോടൊപ്പം കൊടകര മേല്‍പ്പാലത്തിന് കിഴക്ക് വശം തട്ടുകടയില്‍ നെല്ലായി ആലത്തൂര്‍ മുണ്ടയ്ക്കല്‍ വീട്ടില്‍ പരമേശ്വരന്‍ മകന്‍ ശ്രീകാന്ത് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒന്നാം പ്രതിയും സുഹ്യത്തുക്കളുമായി വഴക്കുണ്ടാകുകയും അതിനിടയില്‍ ഒന്നാം പ്രതി കൈവശം കരുതിയിരുന്ന കത്തി കൊണ്ട് ശ്രീകാന്തിനെ കുത്തുകയുമായിരുന്നു. കുത്തേറ്റ ശ്രീകാന്തിനെ ബൈക്കിന്റെ പുറകിലിരുത്തി ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി കൊടകര കെ.എസ്.ഇ.ബി ഓഫീസിനു സമീപം വെച്ച് കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ എത്തുമ്പോഴേയ്ക്കും മരിക്കുകയുമായിരുന്നു. കൊലപാതകമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ സച്ചിനെ അതിവിദ്ഗദമായാണ് സംഭവത്തിനു ശേഷം പോലീസ് പിടികൂടിയത്. കേസില്‍ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും 26 സാക്ഷികളെ വിസ്തരിക്കുകയും 35 രേഖകള്‍ ഹാജാരാക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഢീഷണല്‍ പബ്‌ളിക് പ്രോസിക്യൂട്ടർ പി.ജെ.ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി,എബിന്‍ ഗോപുരന്‍, യാക്കൂബ് സുല്‍ഫിക്കര്‍ എന്നിവര്‍ ഹാജരായി.

Advertisement